പാലാ: ബൈക്ക് യാത്രികനായ യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ചു. കടപ്പൂര് കുന്പിൾനില്ക്കുന്നതിൽ പരേതനായ ജോസിന്റെ മകൻ ജിസ് ജോസാണ്(27) മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ താഴത്തെ കവലയ്ക്ക് സമീപമായിരുന്നു അപകടം. ബൈക്കിനു സമീപം റോഡരുകിൽ രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ ഇതുവഴി സ്കൂട്ടറിലെത്തിയ കല്ലിട്ടുനട സ്വദേശി മാളിയേയ്ക്കൽ ജോബിയെന്ന യുവാവും കാറിലെത്തിയ ഭരണങ്ങാനം സ്കൂളിലെ അധ്യാപകരും ചേർന്ന് കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഏറെനേരം റോഡിൽ കടന്ന ബൈക്ക് യാത്രികനെ മറ്റ് വാഹന യാത്രക്കാരൊന്നും തിരിഞ്ഞുനോക്കാതെപോകുകയായിരുന്നു. യുവാവിന്റെ ബൈക്കിലിടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. കിടങ്ങൂർ പോലീസ് കേസെടുത്തു. അമ്മ: തങ്കമ്മ. സഹോദരൻ: ജോമി.
ബൈക്ക് യാത്രികൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു
01:50 AM Apr 25, 2018 | Deepika.com