തിരുവനന്തപുരം: പരീക്ഷയ്ക്ക് മുൻപ് കണ്ഫർമേഷൻ നൽകി ഹാൾടിക്കറ്റ് ഉറപ്പുവരുത്തുന്ന രീതി മേയ് 26 ന് നടക്കുന്ന പോലീസ് കോണ്‍സ്റ്റബിൾ പരീക്ഷയ്ക്ക് നടപ്പിലാക്കുവാൻ തീരുമാനിച്ചതായി പിഎസ്സി ചെയർമാൻ എം.കെ. സക്കീർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഈ പരീക്ഷയുടെ ഹാൾ ടിക്കറ്റിന്റെ ഡൗണ്‍ലോഡിംഗ് ഭാഗികമായി ആരംഭിച്ചുവെങ്കിലും ഈ മാസം 23 വരെ ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റ് റദ്ദ് ചെയ്യും. നേരത്തെ ഡൗണ്‍ലോഡ് ചെയ്ത ഹാൾടിക്കറ്റിലെ രജിസ്റ്റർ നമ്പർ, പരീക്ഷാ കേന്ദ്രം എന്നിവയും റദ്ദാക്കി.
23 വരെ ഹാൾടിക്കറ്റ് ജനറേറ്റ് ചെയ്തവരെ കണ്ഫർമേഷൻ നൽകിയവരായി കണക്കാക്കി അവർക്ക് പുതിയ ഹാൾടിക്കറ്റ് മേയ് ഏഴു മുതൽ പരീക്ഷാ തീയതി വരെ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം. ഉദ്യോഗാർഥികൾക്ക് പുതിയ ഹാൾടിക്കറ്റിലെ നിർദേശങ്ങളാകും ബാധകം.
ഹാൾടിക്കറ്റ് ഇതുവരെയും ജനറേറ്റ് ചെയ്തിട്ടില്ലാത്തവർ പ്രൊഫൈലിലെ generate button ക്ലിക് ചെയ്യേണ്ടതാണ്. അത് കണ്ഫർമേഷൻ ആയി പരിഗണിച്ച് സർവറിൽ സൂക്ഷിക്കും. കണ്ഫർമേഷൻ നൽകേണ്ട അവസാന തീയതിയായ മേയ് ആറു കഴിഞ്ഞ് അടുത്ത ദിവസം മുതൽ പരീക്ഷാ തീയതി വരെ, കണ്ഫർമേഷൻ നൽകിയ ഉദ്യോഗാർഥികൾക്ക് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
കൺഫർമേഷൻ സംവിധാനം നലവിൽ വന്നു കഴിഞ്ഞാൽ പരീക്ഷാ തീയതിക്ക് 70 ദിവസം മുന്‍പ് ഉദ്യോഗാർഥിക്ക് എസ്എംഎസ് നൽകും. ഈ തീയതി മുതൽ 20 ദിവസത്തിനകം പിഎസ്സിയുടെ സൈറ്റിലെ കണ്ഫർമേഷൻ ലിങ്കിൽ കയറി ക്ലിക്ക് ചെയ്യണം. 20-ാം ദിവസം കണ്ഫർമേഷൻ ഈ ലിങ്ക് ക്ലോസ് ചെയ്യും. കണ്ഫർമേഷൻ നൽകിയവർക്ക് അതിനുശേഷം മാത്രം ഹാൾ ടിക്കറ്റ് നന്പർ നൽകും. പരീക്ഷ തീയതിവരെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ദൂരെദിക്കുകളിൽ പരീക്ഷ എഴുതാൻ പോകുന്നവർക്ക് മുൻകൂട്ടി ഒരുക്കം നടത്താൻ പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വികലാംഗർക്ക് വീടിനടുത്ത് പരീക്ഷാ സെന്റർ നൽകും. അടുത്ത പരിഗണന വനിതകൾക്ക് നൽകും. ബാക്കി അപേക്ഷകർക്ക് പരമാവധി അതതു ജില്ലകളിൽ കേന്ദ്രം അനുവദിക്കും.
അപേക്ഷിക്കുന്നവരിൽ 30 മുതൽ 50 ശതമാനംവരെ പരീക്ഷയിൽ പങ്കെടുക്കുന്നില്ല. തൊട്ടടുത്ത സെന്ററുകൾ ഒഴിഞ്ഞു കിടക്കുന്പോൾ വലിയൊരു വിഭാഗം അപേക്ഷകർ സമീപ ജില്ലകളിൽ പരീക്ഷ എഴുതാൻ പോകേണ്ടിവരുന്നു. മേയ് ആറിനും ഓഗസ്റ്റ് 15 നും ഇടയിലുള്ള ചെറു പരീക്ഷകൾക്ക് നിലവിലെ സംവിധാനം തുടരും. ഇടുക്കി എൽഡിസി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് മെയ് 16 വരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരിക്കുകയാണ്. ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ഷോർട്ട് ലിസ്റ്റ് ടൈംടേബിൾ പ്രകാരം ഈ മാസം പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺസ്റ്റബിൾ പരീക്ഷയ്ക്കു കൺഫർമേഷൻ സംവിധാനം
01:50 AM Apr 25, 2018 | Deepika.com