ആലുവ: കുറ്റാരോപിതനായ ഉദ്യോഗസ്ഥന് പോലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പോലീസുകാരെ കൂടുതല്‍ അബദ്ധങ്ങളിൽ കൊണ്ടെത്തിക്കുമെന്ന് മനുഷ്യവകാശ കമ്മീഷൻ. വരാപ്പുഴ കേസിൽ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനെ ശിക്ഷണ നടപടിയായി പോലീസ് അക്കാഡമിയിലേക്ക് മാറ്റിയത് പരാമർശിച്ച് ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പി. മോഹനദാസ്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് പി. മോഹനദാസ് അതൃപ്തി പ്രകടിപ്പിച്ചു. ഇതുവരെ നടന്ന സംഭവങ്ങളും നടപടികളും വിശദമാക്കി പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. എന്നാൽ അതിൽ കാര്യമില്ലെന്നും കമ്മീഷൻ നേരിട്ട് സ്ഥലം സന്ദർശിച്ചശേഷം ഉത്തരവിട്ട കാര്യങ്ങൾ നടപ്പാക്കാൻ സർക്കാർ ആദ്യം തയാറാവണമെന്നും കമ്മീഷൻ പറഞ്ഞു.
ജനങ്ങളുടെ സേവനത്തിനും സംരക്ഷണത്തിനുമാണ് പോലീസ് സേന. അതിനാല്‍ പരിശീലനം നല്‍കുന്നവരും മികച്ചവരായിരിക്കണം. പോലീസിലെ കുറ്റവാളികളെ കണ്ടെത്തി അച്ചടക്ക നടപടിക്ക് വിധേയമാക്കണം.
പോലീസിനെതിരായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ല. കുറ്റം നടന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. കേസില്‍ ആരെ പ്രതിയാക്കണമെന്ന കാര്യം പ്രതിസ്ഥാനത്തുള്ളവര്‍ തന്നെ തീരുമാനിക്കുന്ന അവസ്ഥയിലാണ്. ഈ അവസരത്തില്‍ സിബിഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് കേസ് അന്വേഷിക്കുന്നതാണ് നല്ലത്.
ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും വിധവയ്ക്കു ജോലിയും നല്‍കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇത്രയും നാളായിട്ടും സര്‍ക്കാര്‍ ഇതു നല്‍കാത്തത് പാപ്പരായത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ജനങ്ങളെ സേവിക്കാനാണ് സര്‍ക്കാര്‍ ഉള്ളത്. ശ്രീജിത്തിന്റെ മരണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാരിന് ഉത്തരവാദിത്വമുള്ളതിനാല്‍ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ.
സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതു കൂടാതെ ശ്രീജിത്തിന്റെ കുടുംബത്തിനു നിയമപരമായി നഷ്ടപരിഹാരം അവകാശപ്പെടാന്‍ കഴിയും. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ പ്രതി ചേര്‍ത്ത് റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പിന്നീട് പ്രതിയല്ലെന്ന് കണ്ട് വെറുതെ വിട്ടവര്‍ക്കും പോലീസിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാമെന്നും കമ്മീഷന് പറഞ്ഞു. ശ്രീജിത്തിനെ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വരാപ്പുഴ കേസ്: അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി
01:55 AM Apr 24, 2018 | Deepika.com