കാഞ്ഞിരപ്പള്ളി: ഇന്ത്യന്‍ ഫാര്‍മേഴ്സ് മൂവ്മെന്റി(ഇന്‍ഫാം)ന്റെ ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും 27നു കാഞ്ഞിരപ്പള്ളിയില്‍ നടക്കും. ഇന്‍ഫാം സ്ഥാപകചെയര്‍മാന്‍ ഫാ.മാത്യു വടക്കേമുറിയുടെ കൂവപ്പള്ളിയിലുള്ള കബറിടത്തിലെ പ്രാർഥനാശുശ്രൂഷയ്ക്കുശേഷം 1.45ന് ദീപശിഖാപ്രയാണം ആരംഭിക്കും. ദീപശിഖ 26-ാം മൈലില്‍ എത്തുമ്പോള്‍ അക്കരപ്പള്ളി ഗ്രൗണ്ടില്‍നിന്നു കര്ഷകറാലിക്കു തുടക്കമാകും. പേട്ടക്കവലയില്‍ ദീപശിഖാഘോഷയാത്രയ്ക്കു പിന്നിലായി കര്‍ഷകറാലി അണിചേരും. കർഷകറാലി മഹാജൂബിലി ഹാളില്‍ (ഫാ.മാത്യു വടക്കേമുറി നഗറിൽ) എത്തിച്ചേരുമ്പോള്‍ സമ്മേളനം ആരംഭിക്കും.
ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രക്ഷാധികാരി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി സഹായമെത്രാൻ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണവും ഇന്‍ഫാം കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടര്‍ ഫാ.തോമസ് മറ്റമുണ്ടയില്‍ ആമുഖപ്രഭാഷണവും നടത്തും. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍ കര്‍ഷക അവകാശരേഖയും ബദല്‍ കാര്‍ഷികനയവും പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്, ദേശീയ വൈസ് ചെയര്മാന് കെ. മൈതീന്‍ ഹാജി, ദേശീയ ട്രസ്റ്റി ഡോ. എം.സി. ജോര്‍ജ്, സംസ്ഥാന ഡയറക്ടര്‍ ഫാ. ജോസ് മോനിപ്പള്ളി, കണ്‍വീനര്‍ ജോസ് എടപ്പാട്ട്, രൂപത പ്രസിഡന്റ് ഏബ്രഹാം മാത്യു എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തിൽ ഇന്‍ഫാം അഗ്രോ ഇന്നൊവേഷന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ദേശീയ സമ്മേളനത്തിനു മുന്നോടിയായി സംസ്ഥാനത്തുടനീളം 100 കേന്ദ്രങ്ങളില്‍ കര്‍ഷക വിളംബരസമ്മേളനങ്ങള് പൂര്‍ത്തിയായതായി രൂപത ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍, ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ വി.സി. സെബാസ്റ്റ്യന്‍, രൂപതാ പ്രസിഡന്റ് ഏബ്രഹാം മാത്യു എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇന്‍ഫാം ദേശീയ നേതൃസമ്മേളനവും കര്‍ഷകറാലിയും 27ന് കാഞ്ഞിരപ്പള്ളിയിൽ
01:55 AM Apr 24, 2018 | Deepika.com