കറുകച്ചാൽ: നിയന്ത്രണംവിട്ട കാർ യുവതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ച് ഒരാൾ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു പരിക്കേറ്റു. ചുങ്കപ്പാറ കോട്ടാങ്കൽ പുരയിടത്തിൽ രഘുനാഥിന്റെ മകൾ അഭിരാമി (22)യാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന കോട്ടാങ്കൽ കൊച്ചുഴത്തിൽ ഹനീഫയുടെ മകൾ ഷഫീന (21)യ്ക്കാണു പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു കറുകച്ചാൽ മല്ലപ്പള്ളി റോഡിൽ കൊച്ചുപറന്പിലായിരുന്നു അപകടം.
ഇരുവരും സ്കൂട്ടറിൽ മാന്തുരുത്തിയിലുള്ള സുഹൃത്തിന്റെ കല്യാണത്തിന് പോയി മടങ്ങിവരികയായിരുന്നു. ചേലക്കൊന്പ് വെള്ളക്കലുങ്കൽ ജോബി (39) ഓടിച്ചിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചതെന്നു പോലീസ് പറഞ്ഞു.
അപകടത്തെത്തുടർന്നു രക്തം വാർന്ന് റോഡിൽ കിടന്ന പെൺകുട്ടികളെ നാട്ടുകാർ ആദ്യം സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും അഭിരാമിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഷഫീന മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അഭിരാമിയുടെ മാതാവ് സുമ. സഹോദരൻ അഭിജിത്. സംസ്കാരം പീന്നിട്.
കറുകച്ചാലിൽ കാർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു
02:16 AM Apr 23, 2018 | Deepika.com