പോത്താനിക്കാട്: ചാത്തമറ്റം ഒറ്റക്കണ്ടം ഒരേക്കർ കോളനിയിലെ ഒരു കുടുംബത്തിലെ മൂന്നംഗങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി. കാക്കുന്നേൽ ശശി (58), ഭാര്യ ഓമന (52), മകൻ ശ്രീകൃഷ്ണൻ (27) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ ഏഴായിട്ടും വീട് അടഞ്ഞു കിടക്കുന്നതു കണ്ട് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണു മൂവരെയും മരിച്ചനിലയിൽ കണ്ടത്.
മുൻവശത്തെ വാതിൽ കുറ്റിയിട്ടിരുന്നില്ല. ശശിയുടെയും ഓമനയുടെയും മൃതദേഹങ്ങൾ പ്രധാന കിടപ്പുമുറിയിലും ശ്രീകൃഷ്ണന്റെ മൃതദേഹം തൊട്ടടുത്ത മുറിയിലുമായിരുന്നു. സ്വീകരണമുറിയിൽ വിഷക്കുപ്പിയും മദ്യക്കുപ്പിയും കാണപ്പെട്ടു. ആത്മഹത്യയെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.
അവിവാഹിതനായ ശ്രീകൃഷ്ണൻ ഒരു യുവതിയുമായി അടുപ്പത്തിലായിരുന്നെന്നും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കൂട്ടമരണത്തിലേക്കു നയിച്ചതെന്നും കരുതുന്നതായി പോലീസ് പറഞ്ഞു. മരണവാർത്ത പുറത്തറിഞ്ഞതോടെ യുവതി ജീവനൊടുക്കാൻ ശ്രമിച്ചതായും അറിയുന്നു. വിരലടയാള വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തി. പോത്താനിക്കാട് എസ്ഐ, കല്ലൂർക്കാട് എസ്എച്ച്ഒ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹങ്ങൾ മൂവാറ്റുപുഴ നിർമല ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം ഇന്നു നടത്തും.
ചാത്തമറ്റത്തു മൂന്നംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി
01:45 AM Apr 23, 2018 | Deepika.com