കൊച്ചി: വരാപ്പുഴ ദേവസ്വംപാടത്ത് വീടാക്രമണത്തെത്തുടർന്നു കുളന്പുകണ്ടം വാസുദേവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഉൾപ്പെടെ 10 പേരും പ്രതികളല്ലെന്നു ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
ഇവർക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും പറവൂർ കോടതിയിൽ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഭവനഭേദനം, വധശ്രമം എന്നീ കുറ്റങ്ങൾ ഇവർക്കെതിരേ നിലനിൽക്കും.
ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പോലീസിനു വൻ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങളെല്ലാം ശരിയാണെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. ആളു മാറിയാണ് ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. വീടു കയറിയുള്ള അക്രമം തന്നെയാണോ വാസുദേവനെ തൂങ്ങിമരിക്കാൻ പ്രേരിപ്പിച്ചതെന്നതിനും തെളിവില്ല. ആത്മഹത്യാക്കേസിൽ ഇനി കൂടുതൽ അന്വേഷണം നടത്തേണ്ടി വരും.
വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലിരിക്കെയാണു ശ്രീജിത്ത് പോലീസ് മർദനമേറ്റു മരിക്കുന്നത്. മറ്റു പ്രതികൾക്കു മർദനമേറ്റിരുന്നു.
നിലവിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ഒന്പത് പ്രതികൾക്കും എറണാകുളം അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ദേവസ്വംപാടം സ്വദേശികളായ തുണ്ടിപറന്പിൽ വിനു വിജയൻ(28), സൂര്യൻപറന്പിൽ വിനു ഗോപി(25), അപ്പിച്ചിൻ മല്ലംപറന്പിൽ ശരത് ശശി(22), ചെട്ടിഭാഗം ഭഗവതിപറന്പിൽ ശ്രീക്കുട്ടൻ വിജയൻ (31), ദേവസ്വംപാടം തൈക്കാട്ട്പറന്പിൽ സുധി ചന്ദ്രൻ (26), മുളക്കാരൻപറന്പിൽ വിനു ശ്രീനിവാസൻ (28), സേനായ് പറന്പ് സജിത്ത് രാമകൃഷ്ണൻ (25), ഗോപൻ ഗോവിന്ദൻ ഗോപി (34), ചുള്ളിക്കാട്ട്പറന്പിൽ നിഥിൻ ശശി (25) എന്നിവർക്കാണു ജാമ്യം ലഭിച്ചത്.
എസ്ഐ ദീപക് റിമാൻഡിൽ
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലാം പ്രതി വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.
ഇന്നലെ വൈകുന്നേരം 6.45നു പറവൂർ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണു റിമാൻഡ് ചെയ്തത്. കൊലക്കുറ്റം, മർദനം, അന്യായമായി തടങ്കിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ ദീപക്കിനെതിരേ റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ദീപക്കിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യാനും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനും കസ്റ്റഡിയിൽ ലഭിക്കണമെന്നുമുള്ള പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണു റിമാൻഡ് ചെയ്തത്.
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്ത് ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത ആർക്കും പങ്കില്ലെന്നു റിപ്പോർട്ട്
01:58 AM Apr 22, 2018 | Deepika.com