കൊച്ചി: ഇടതുപക്ഷ ഐക്യത്തിനുവേണ്ടിയാണ് സിപിഐ നിലകൊണ്ടിട്ടുള്ളതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ-എംഎൽ ലിബറേഷൻ, എസ്യുസിഐ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി തുടങ്ങി ഒട്ടനവധി സംഘടനകൾ ഈ സഖ്യത്തിൽ അണിചേരേണ്ടതുണ്ട്.
ചില അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഭാവിയിൽ ഇതു പരിഹരിച്ചു ഇടത് മതേതര ജനാധിപത്യ സഖ്യം വരുമെന്ന വിശ്വാസമാണു പാർട്ടിക്കുള്ളത്. സിപിഎമ്മിന്റെ രാഷ്ട്രീയ പ്രമേയം യാഥാർഥ്യ ബോധത്തോടെയുള്ളതാണ്. സിപിഐ പ്രമേയത്തിൽ കോണ്ഗ്രസ് എന്ന വാക്ക് തന്നെയില്ല.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തിയുള്ള നിലപാടാണു സിപിഐ അവതരിപ്പിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു മുന്നോട്ടു പോവുകയും ചെയ്തു. 2004ൽ യുപിഎ സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടതിനുശേഷവും 2006ൽ യുഡിഎഫും എൽഡിഎഫും പരസ്പരം മത്സരിച്ചു. ഓരോ രാഷ്ട്രീയ കക്ഷിയും ഡൽഹിയിൽ സ്വീകരിക്കുന്ന നിലപാടിനാണ് പ്രസക്തി. ആർഎസ്എസിനും സംഘപരിവാർ സംഘടനകൾക്കും എതിരായ നിലപാടിൽ ഒന്നിക്കുകയെന്നതിനാണ് ഇപ്പോൾ പ്രസക്തിയുള്ളതെന്നു കാനം പറഞ്ഞു.
ഇടതുപക്ഷ ഐക്യത്തിനായാണ് സിപിഐ നിലകൊണ്ടിട്ടുള്ളത്: കാനം രാജേന്ദ്രൻ
12:53 AM Apr 22, 2018 | Deepika.com