കൊച്ചി: അഗതികളുടെ സഹോദരിമാർ (എസ് ഡി) സന്യാസിനീസമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായിരുന്ന ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയർത്തിയതോടനുബന്ധിച്ചു കൃതജ്ഞതാബലി 26നു നടക്കും. ധന്യന്റെ കബറിടം സ്ഥിതി ചെയ്യുന്ന കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻ പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നിനാണു കൃതജ്ഞതാ ദിവ്യബലി.സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും.
ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ്പുമാരായ മാർ തോമസ് ചക്യത്ത്, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി തുടങ്ങിയവർ സഹകാർമികരാകും.
തുടർന്ന് പൊതുസമ്മേളനവും ഉണ്ടാകുമെന്ന് എസ്ഡി സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ അറിയിച്ചു.
ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളി: കൃതജ്ഞതാബലി 26ന്
12:20 AM Apr 22, 2018 | Deepika.com