കൊച്ചി: സഭയുടെയും സമൂഹത്തിന്റെയും മാറ്റങ്ങൾ ഉൾക്കൊണ്ടു കേരളസഭയുടെ സാക്ഷ്യം ശക്തമാക്കേണ്ട കാലഘട്ടമാണിതെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. കേരള കത്തോലിക്കാ മെത്രാൻസമിതി (കെസിബിസി) യുടെ ആസ്ഥാന കാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ (പിഒസി) സുവർണ ജൂബിലി സമാപനാഘോഷങ്ങൾക്കു തുടക്കം കുറിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അന്പതു വർഷംകൊണ്ടു പിഒസി ഏറെ വളർന്നിട്ടുണ്ട്. സഭയുടെ കൂട്ടായ്മയുടെ മുഖമാണ് ഈ സ്ഥാപനം പ്രതിഫലിപ്പിക്കാൻ ശ്രമിച്ചത്. എല്ലാവിഭാഗം ജനങ്ങളെയും ഏകോപിപ്പിച്ചും ആഴത്തിലുള്ള വിലയിരുത്തൽ നടത്തിയും ക്രിയാത്മകമായി മുന്നോട്ടുപോകാൻ ഇനിയും സാധിക്കണമെന്നും ആർച്ച്ബിഷപ് സൂസപാക്യം പറഞ്ഞു.
ക്രൈസ്തവീകതയും കേരളസമൂഹവും എന്ന വിഷയത്തിൽ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. റവ. ഡോ. വിൻസെന്റ് കുണ്ടുകുളം മോഡറേറ്ററായിരുന്നു. കേരളസഭയും മാനവ വികസനവും എന്ന വിഷയത്തിൽ സി.ആർ. നീലകണ്ഠൻ, ലിഡാ ജേക്കബ് എന്നിവർ പ്രഭാഷണം നടത്തി. ജോജി ചിറയിൽ മോഡറേറ്ററായി. അലക്സാണ്ടർ ജേക്കബ്, റവ. ഡോ. പോൾ തേലക്കാട്ട് എന്നിവർ ക്രൈസ്തവ ദർശനവും ദാർശനിക കേരളവും എന്ന വിഷയത്തിൽ സംസാരിച്ചു. റവ.ഡോ. സക്കറിയാസ് പറനിലം മോഡറേറ്ററായിരുന്നു. പാനൽ ചർച്ചയും നടന്നു. റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഫാ. ജോസഫ് കരുവേലിക്കൽ, ഫാ. ജോളി വടക്കൻ, ഫാ. സ്റ്റാൻലി മാതിരപ്പിള്ളി, റവ. ഡോ. ജോഷി മയ്യാറ്റിൽ തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നു രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങൾ ജേക്കബ് പുന്നൂസ്, ഫാ. സേവ്യർ കുടിയാംശേരി എന്നിവർ അവതരിപ്പിക്കും. പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും.
കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണങ്ങൾ നടത്തും. കൊച്ചി മേയർ സൗമിനി ജെയിൻ സ്മരണിക പ്രകാശനം നടത്തും. തിരുവനന്തപുരം പാളയം ഇമാം വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജ്ഞാനന്ദ എന്നിവർ പ്രസംഗിക്കും. തുടർന്നു നടക്കുന്ന കൃതജ്ഞതാബലിയിൽ കേരളത്തിലെ മൂന്നു റീത്തുകളിൽനിന്നുള്ള കത്തോലിക്കാ മെത്രാൻമാരും വൈദികരും സഹകാർമികരാകും.
കേരളത്തിലെ 32 രൂപതകളിൽനിന്നു പ്രതിനിധികളും കെസിബിസി ഭാരവാഹികൾ ഉൾപ്പെടെ 500 പേരാണു ജൂബിലി സമാപന ആഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ഉച്ചകഴിഞ്ഞു കെസിബിസി സമ്മേളനവും ഉണ്ടാകും.
പിഒസി സുവർണജൂബിലി ആഘോഷങ്ങൾക്ക് ഇന്നു സമാപനം
01:28 AM Apr 21, 2018 | Deepika.com