തിരുവനന്തപുരം: താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിനു നേരിട്ട തടസം നേരിടാൻ സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം കൂട്ടി. ഇതിനു പുറമേ ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങി പ്രതിസന്ധി നേരിടുകയാണ്.
അതിനാൽ വലിയ തോതിലുള്ള വൈദ്യുതി നിയന്ത്രണം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് പലയിടത്തും മഴ ലഭിച്ചതോടെ ചൂടു കുറഞ്ഞതിനാൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഇത് വൈദ്യുതി ബോർഡിനു നേട്ടമായി. താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കുന്നതിനായി ലോഡ് കുറയുന്നിടങ്ങളിൽ 15 മിനിറ്റ് നേരം വൈദ്യുതി കട്ട് ചെയ്യേണ്ടിവരുമെന്നാണ് കരുതുന്നത്.
സംസ്ഥാനത്തേക്ക് വൈദ്യുതി വാങ്ങാനായി ദീർഘകാല കരാർ ഉണ്ടാക്കിയിട്ടുള്ള ജിൻഡാൽ, താബുല താലനിലയങ്ങളിൽ അറ്റകുറ്റപ്പണി കാരണമാണ് ദിവസം 300 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് വന്നത്. കുറച്ചുനാളത്തേക്ക് താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭിക്കുന്നതിൽ കുറവുണ്ടാകും.
വൈദ്യുതി പ്രതിസന്ധി തുടരുന്നു: ജലവൈദ്യുതി ഉത്പാദനം കൂട്ടി
12:30 AM Apr 20, 2018 | Deepika.com