കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി) യുടെ ആസ്ഥാനകാര്യാലയവും കേരളത്തിലെ ലത്തീൻ, മലബാർ, മലങ്കര സഭകളുടെ പൊതു അജപാലനകേന്ദ്രവുമായ പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിന്റെ (പിഒസി) സുവർണ ജൂബിലി സമാപനാഘോഷങ്ങൾ ഇന്നാരംഭിക്കും. സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിന്പോസിയം, കൃതജ്ഞതാബലി, പൊതുസമ്മേളനം എന്നിവയാണു രണ്ടു ദിവസത്തെ സമാപനാഘോഷങ്ങളുടെ ഭാഗമായി നടക്കുക.
ഇന്നു രാവിലെ 9.45നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ ഉദ്ഘാടന സന്ദേശം. ക്രൈസ്തവികതയും കേരളസമൂഹവും എന്ന വിഷയത്തിൽ പ്രഫ. എം. തോമസ് മാത്യു, റവ. ഡോ. പയസ് മലേക്കണ്ടത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേരളസഭയും മാനവ വികസനവും എന്ന വിഷയത്തിൽ സി.ആർ. നീലകണ്ഠൻ, ലിഡാ ജേക്കബ് എന്നിവർ പ്രഭാഷണം നടത്തും. മുൻ എംപി സെബാസ്റ്റ്യൻ പോൾ മോഡറേറ്ററാകും.
അലക്സാണ്ടർ ജേക്കബ്, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവർ ക്രൈസ്തവ ദർശനവും ദാർശനിക കേരളവും എന്ന വിഷയത്തിൽ സംസാരിക്കും. റവ. ഡോ. പോൾ തേലക്കാട്ട് മോഡറേറ്ററാകും.
നാളെ രാവിലെ 8.30ന് കേരളസഭ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തെക്കുറിച്ചുള്ള പ്രബന്ധങ്ങൾ ജേക്കബ് പുന്നൂസ്, ഫാ. സേവ്യർ കുടിയാംശേരി എന്നിവർ അവതരിപ്പിക്കും. റവ. ഡോ. വിൻസെന്റ് കുണ്ടുകുളം മോഡറേറ്ററാകും.
പത്തിനു നടക്കുന്ന സമാപനസമ്മേളനം രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനംചെയ്യും. കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം സൂസപാക്യം അധ്യക്ഷത വഹിക്കും. യാക്കോബായ സഭ ശ്രേഷ്ഠ മെത്രാപ്പോലീത്ത ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവ മുഖ്യപ്രഭാഷണം നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയും അനുഗ്രഹപ്രഭാഷണം നടത്തും.
കൊച്ചി മേയർ സൗമിനി ജെയിൻ സ്മരണിക പ്രകാശനം നടത്തും. വി.പി. ഷുഹൈബ് മൗലവി, സ്വാമി നന്ദാത്മജ്ഞാനന്ദ എന്നിവർ പ്രസംഗിക്കും.
പിഒസി സുവർണ ജൂബിലി സമാപന ആഘോഷം ഇന്നു മുതൽ
12:11 AM Apr 20, 2018 | Deepika.com