തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മുതല്‍ ഗ്രാമതലങ്ങള്‍ വരെയുളള എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കണമെന്ന് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഗ്രീന്‍പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
ലോകപരിസ്ഥിതി ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കി പ്രഖ്യാപനം നടത്തുന്നതിനാവശ്യമായ നടപടികള്‍ എല്ലാ വകുപ്പ് മേധാവികളും സ്വീകരിക്കണം. ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കും.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കര്‍മപദ്ധതി ശുചിത്വ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആര് അജയകുമാര്‍ വര്‍മ യോഗത്തില്‍ അവതരിപ്പിച്ചു.
എല്ലാ ഓഫീസിലും ഗ്രീന്‍പ്രോട്ടോകോള്‍ കമ്മിറ്റി രൂപീകരിച്ച് നോഡല്‍ ഓഫീസറെ നിയോഗിക്കും. അഴുകുന്നതും അഴുകാത്തതുമായ മാലിന്യം തംതിരിച്ച് ശേഖരിക്കാനായി പ്രത്യേകം ബിന്നുകള്‍ അതത് സ്ഥാപനങ്ങളില്‍ സ്ഥാപിക്കും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കും
12:11 AM Apr 20, 2018 | Deepika.com