കൊച്ചി: തൊഴിൽ, വിദ്യാഭ്യാസ സംവരണ മാനദണ്ഡങ്ങളിൽ കേന്ദ്രസർക്കാർ മാതൃക കേരളത്തിലും നടപ്പാക്കുമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ. ഇതിനായുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കുവാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നതെന്ന് എറണാകുളം ഗസ്റ്റ് ഹൗസിൽ ഇന്നലെ നടന്ന സിറ്റിംഗിനിടെ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എസ്. ശിവരാജൻ അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് സർക്കാർ, അർധസർക്കാർ നിയമനങ്ങളിലേക്ക് സംവരണത്തിനായി ഒബിസി ലിസ്റ്റും, വിദ്യാഭ്യാസ സംവരണങ്ങൾക്കായി എസ്ഇബിസി ലിസ്റ്റുമാണ് പരിഗണിക്കുന്നത്. എന്നാൽ സംവരണത്തിന് അർഹരായ സമുദായങ്ങളിൽ പലതും ലിസ്റ്റുകളിൽനിന്ന് തഴയപ്പെട്ടതായി കമ്മീഷനു ബോധ്യമായി. ഒബിസി പട്ടികയിൽ ഉൾപ്പെട്ട സമുദായം എസ്ഇബിസി പട്ടികയ്ക്ക് വെളിയിലും എസ്ഇബിസി ലിസ്റ്റിലുൾപ്പെട്ട സമുദായം ഒബിസി പട്ടികയ്ക്ക് പുറത്തും നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഒഴിവാക്കുന്നതിനാണ് കേന്ദ്രസർക്കാർ മാതൃക സംസ്ഥാനത്തും നടപ്പാക്കാനൊരുങ്ങുന്നത്.
കമ്മീഷൻ അംഗങ്ങളായ വി.എ. ജെറോം, മുള്ളൂർക്കര മുഹമ്മദ് അലി സഖാഫി എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.
തൊഴിൽ, വിദ്യാഭ്യാസ സംവരണം: കേന്ദ്ര മാതൃക കേരളത്തിലും നടപ്പാക്കുമെന്ന്
12:10 AM Apr 19, 2018 | Deepika.com