തിരുവനന്തപുരം: മൂല്യം ഉയർത്തിയ 4.95 ലക്ഷം മുദ്രപത്രങ്ങൾ ട്രഷറിയിൽനിന്ന് എവിടേക്കു പോകുന്നു? ഇത്രയധികം മുദ്രപത്രങ്ങൾ മൂല്യം ഉയർത്തി എത്തിച്ചെങ്കിലും ഇപ്പോഴും 50 രൂപ, 100 രൂപ മുദ്രപത്രങ്ങളുടെ കടുത്ത ക്ഷാമം സംസ്ഥാനത്തു തുടരുകയാണ്.
100 രൂപയുടെ 4.16 ലക്ഷം മുദ്രപത്രങ്ങളും 50 രൂപയുടെ 79,711 എണ്ണവും സബ് ട്രഷറികൾക്കും മുദ്രപത്രങ്ങൾ വില്പന നടത്താൻ ലൈസൻസുള്ള സ്റ്റാംപ് വെണ്ടർമാർക്കുമായി കൈമാറിയെന്നാണ് കഴിഞ്ഞ 16നു ട്രഷറി ഡയറക്ടർ സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ജനന- മരണ സർട്ടിഫിക്കറ്റുകൾ അടക്കമുള്ള ആവശ്യങ്ങൾക്കു വേണ്ട 50 രൂപ, 100 രൂപ മുദ്രപത്രങ്ങൾ ഇപ്പോഴും ലഭിക്കു ന്നില്ല. ഇതിനാൽ പലരും 500 രൂപയുടെ പത്രമാണ് ഇതിനായി വാങ്ങേണ്ടിവരുന്നത്.
50 രൂപയുടെ 32,704 എണ്ണം സ്റ്റാംപ് വെണ്ടർമാർക്കു വിതണം ചെയ്തു. 100 രൂപയുടെ പത്രങ്ങളിൽ 2,14,316 എണ്ണവും നൽകിയതായും ട്രഷറി ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 50 രൂപ, 100 രൂപ പത്രങ്ങൾക്കു പകരം 500 രൂപയുടെ മുദ്രപത്രം ഉപയോഗിക്കേണ്ടിവരുന്നതിനാൽ ഈ ഇനത്തിൽ വലിയ തുക സർക്കാർ ഖജനാവിൽ എത്തുന്നുണ്ട്.
ചിലർ കൃത്രിമ മുദ്രപത്രക്ഷാമം സൃഷ്ടിക്കുകയാണോ എന്ന സംശയവും സർക്കാരിനുണ്ട്.
മുദ്രപത്രങ്ങൾ നാസിക്കിലെ സുരക്ഷാ പ്രസിലാണ് അച്ചടി ക്കുന്നത്. ഒരു വർഷമായി നാസിക്കിൽനിന്നു മുദ്രപത്രം സംസ്ഥാനത്ത് എത്തിക്കുന്നില്ല. മുദ്രപത്രങ്ങളുടെ അച്ചടി ഏതാണ്ട് പൂർത്തിയാക്കി വരുന്നെന്നും അടുത്ത മാസം വിതരണം ചെയ്യാനാകുമെന്നുമാണു സെൻട്രൽ സ്റ്റാംപ് ഡിപ്പോയെ അറിയിച്ചത്.
മുദ്രപത്രങ്ങളും റവന്യു സ്റ്റാംപുകളും ശേഖരിക്കേണ്ടതും സൂക്ഷിക്കേണ്ടതും ട്രഷറികൾക്കു ലഭ്യമാക്കേണ്ടതും റവന്യു വകുപ്പിനു കീഴിലുള്ള തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റാംപ് ഡിപ്പോയാണ്.
2017 നവംബറിനു ശേഷം സെൻട്രൽ സ്റ്റാംപ് ഡിപ്പോയിൽനിന്നു ട്രഷറികളിലേക്കു പുതിയ മുദ്രപത്രം വിതരണം ചെയ്തിട്ടില്ലെന്നു ട്രഷറി ഡയറക്ടർ സർക്കാരിനു നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മുദ്രപത്രങ്ങൾ എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ടു ട്രഷറി ഡയറക്ടർ സെൻട്രൽ സ്റ്റാംപ് ഡിപ്പോയുടെ ചുമതലയുള്ള ലാൻഡ് റവന്യു കമ്മീഷണർക്കു കത്തു നൽകി.
മുദ്രപത്രം എത്തിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു ലാൻഡ് റവന്യു കമ്മീഷണർ, ആഭ്യന്തര വകുപ്പിനെ സമീപിക്കേണ്ടതുണ്ട്. ഒരു സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു സുരക്ഷ ഒരുക്കാറുള്ളത്.
കെ. ഇന്ദ്രജിത്ത്
മൂല്യം കൂട്ടിയ 4.95 ലക്ഷം മുദ്രപത്രങ്ങൾ എവിടെപ്പോയി?
01:42 AM Apr 18, 2018 | Deepika.com