തിരുവനന്തപുരം: വിഷരഹിത ഫലങ്ങൾ, ആരോഗ്യമുള്ള ജനത എന്ന സന്ദേശവുമായി നടത്തുന്ന ഫലസമൃദ്ധി പദ്ധതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നു കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം.
കേരള കത്തോലിക്കാസഭ യുവജനവർഷം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി ദീപിക ദിനപത്രം, മിജാർക്, കെസിവൈഎം സംസ്ഥാന സമിതി, ഹോംഗ്രോണ്‍ ബയോടെക് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന "ഫലസമൃദ്ധി 2018' പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. കേരളത്തിലെ പത്തു ലക്ഷം യുവജനങ്ങളിലേക്കും അഞ്ചു ലക്ഷം കുടുംബങ്ങളിലേക്കും ഈ സന്ദേശം പകർന്നു നൽകുന്ന പരിപാടി മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
മിജാർക് നാഷണൽ കോ ഓർഡിനേറ്ററും ഫലസമൃദ്ധി ജനറൽ കണ്‍വീനറുമായ സിറിയക് ചാഴികാടൻ, കെസിവൈഎം സംസ്ഥാന ഡയറക്ടർ റവ.ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ, ജനറൽ സെക്രട്ടറി എബിൻ കണിവയലിൽ, സംസ്ഥാന ഭാരവാഹികളായ ജോബി ജോണ്‍, സ്റ്റെഫി സ്റ്റാൻലി, ജോമോൾ ജോസ്, ലിജിൻ ശ്രാന്പിക്കൽ, പി. കിഷോർ, ടോം ചക്കാലക്കുന്നേൽ, പോൾ ജോസ് എന്നിവർ നേതൃത്വം നൽകി.
ഫലസമൃദ്ധി പദ്ധതി കാലഘട്ടത്തിന്റെ ആവശ്യം: ഡോ.എം. സൂസപാക്യം
02:25 AM Apr 17, 2018 | Deepika.com