കളമശേരി: ഉന്നത ഗുണനിലവാര ഗവേഷണങ്ങൾ ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കം നൽകി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) 2018-19 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. കുസാറ്റിനെ ഏറ്റവും മികച്ച 100 ലോകോത്തര സർവകലാശാലകളിൽ ഒന്നാക്കുകയാണ് ലക്ഷ്യമെന്ന് സർവകലാശാലാ ആസ്ഥാനത്ത് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ഫിനാൻസ് ആൻഡ് പർച്ചേസ് സ്റ്റാൻഡിംഗ് കമ്മിറ്റി കണ്വീനർ ഡോ. എൻ. ചന്ദ്രമോഹനകുമാർ പറഞ്ഞു.
സംസ്ഥാന സർക്കാർ അനുവദിച്ച 242 കോടി രൂപയിൽ 140 കോടി രൂപ ലബോറട്ടറി ഉപകരണങ്ങൾക്കും 100 കോടി രൂപ അടിസ്ഥാന സൗകര്യ വികസനത്തിനുമായി വിനിയോഗിക്കും. ഇതിന്റെ നിർവഹണത്തിനായി ഓരോ വകുപ്പിലും ഒരു അധ്യാപകനെ നോഡൽ ഓഫീസറായി നിയമിക്കും. ഈ ഓഫീസർ മറ്റു രണ്ടോ മൂന്നാ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഗവേഷണ സംഘം രൂപീകരിക്കും. ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം വിശദമാക്കിക്കൊണ്ടുള്ള നിർദേശം സർവകലാശാലയ്ക്ക് ഗവേഷണ സംഘം ഏപ്രിൽ 12നകം സമർപ്പിക്കണം.
സയൻസ്, എൻജിനിയറിംഗ് സയൻസ് ആൻഡ് ടെക്നോളജി, സയന്റിഫിക് കന്പ്യൂട്ടിംഗ്, മറൈൻ സയൻസ്, ഹുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നിവയിൽ ഇന്റർ ഡിസിപ്ലിനറി പഠന കേന്ദ്രങ്ങൾ തുടങ്ങും.
നിലവിലുള്ള അധ്യാപക-വിദ്യാർഥി അനുപാതം ബിരുദ, ബുരുദാനന്തര വിഭാഗങ്ങളിൽ യഥാക്രമം 1:16, 1:8 എന്നത് 1:10, 1:6 ആയി കുറയ്ക്കാനും പുതിയ ബജറ്റിൽ പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി, വ്യവസായ മേഖലയിലെ വിദഗ്ധർ, വിരമിച്ച അധ്യാപകർ തുടങ്ങി അക്കാദമിക പ്രാഗത്ഭ്യമുള്ളവരെ അഡ്ജങ്ട് പ്രഫസർമാരായി നിയമിച്ച് പുതുക്കിയ അനുപാതം ക്രമീകരിക്കും.
കരാർ അധ്യാപകരെ നിയമിക്കുതിനു പകരം അഞ്ചു വർഷത്തേക്ക് ടെന്യുവർ ട്രാക്ക് അധ്യാപകരെ നിയമിക്കും. പ്രൊജക്ടുകൾ സമർപ്പിക്കുന്നതടക്കമുള്ള അക്കാദമിക് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമേ കരാർ നീട്ടിക്കൊടുക്കുകയുള്ളു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്ന വിദേശ വിദ്യാർഥികൾ അടക്കമുള്ളവർക്ക് സ്കോളർഷിപ്പുകൾ അനുവദിക്കും.
വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഉന്നതതല പ്ലാനിംഗ് ആൻഡ് ഇവാലുവേഷൻ സമിതി രൂപീകരിക്കും. കുസാറ്റിലെ പൂർവ വിദ്യാർഥികളും പ്രധാന റിക്രൂട്ടിംഗ് കന്പനികളും സർവകലാശാലയിലെ അക്കാദമിക് വിദഗ്ധരും മൂന്നിലൊരു ഭാഗം വീതം ഉൾക്കൊള്ളുന്നതായിരുക്കും സമിതി. പൂർവ വിദ്യാർഥികളും സർവകലാശാലാ സമൂഹവുമായി ആശയവിനിമയം ഊഷ്മളമാക്കുതിനുവേണ്ടി പ്രത്യേക സമൂഹമാധ്യമ പോർട്ടൽ ആരംഭിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. ബജറ്റ് അവതരണത്തിനായി ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. ജെ. ലത അധ്യക്ഷത വഹിച്ചു.
കേരളയിൽ പിജി കോഴ്സ് തീരാറായിട്ടും ഫസ്റ്റ് സെമസ്റ്റർ ഫലം വന്നില്ല!
01:18 AM Mar 25, 2018 | Deepika.com