തിരുവനന്തപുരം: സിപിഎം കണ്ണൂരിൽ വീണ്ടും സംഘർഷത്തിന് കോപ്പുകൂട്ടുകയാണെന്നു കെപിസിസി പ്രസിന്റ് എം.എം. ഹസൻ. പി.ജയരാജനു നേരെ വധഭീഷണി ഉണ്ടെന്ന് വരുത്തി സഹതാപം സൃഷ്ടിച്ച് അക്രമത്തിന് ശ്രമിക്കുകയാണിപ്പോൾ. കണ്ണൂരിൽ അക്രമം തടയാൻ പോലീസിനു കഴിയുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ ഏർപ്പെടുത്താൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഗീയഫാസിസത്തിനും അക്രമത്തിനുമെതിരേ കെപിസിസി പ്രസിഡന്റ് നയിക്കുന്ന ജനമോചനയാത്ര അടുത്തമാസം ഏഴിന് കാസർഗോട്ടുനിന്ന് ആരംഭിക്കും. ഉച്ചകഴിഞ്ഞ് നാലിന് മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ എട്ടിന് കണ്ണൂർ, ഒമ്പതിന് വയനാട്, 10ന് കോഴിക്കോട്, 11ന് മലപ്പുറം, 12ന് പാലക്കാട്, 17ന് തൃശൂർ, 18ന് എറണാകുളം, 19ന് ഇടുക്കി, 20ന് കോട്ടയം, 21ന് ആലപ്പുഴ, 23ന് പത്തനംതിട്ട, 24 ന് കൊല്ലം ജില്ലയിലും പര്യടനം നടത്തുന്ന യാത്ര ഏപ്രിൽ 25ന് തിരുവനന്തപുരത്തു സമാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം കണ്ണൂരിൽ സംഘർഷത്തിനു കോപ്പുകൂട്ടുന്നു: ഹസൻ
02:37 AM Mar 23, 2018 | Deepika.com