തിരുവനന്തപുരം: അവധിക്കാല തിരക്കു പരിഗണിച്ച് ഏപ്രിൽ മുതൽ ജൂലൈ വരെ ദക്ഷിണ റെയിൽവേ വിവിധ കേന്ദ്രങ്ങളിലേക്ക് സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.
ചെന്നൈ സെൻട്രൽ മുതൽ എറണാകുളം ജംഗ്ഷൻ വരെയുള്ള സുവിധ (82631) ഏപ്രിൽ ആറു മുതൽ ജൂണ്‍ 29 വരെയുള്ള വെള്ളിയാഴ്ചകളിൽ രാത്രി എട്ടിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.45ന് എറണാകുളത്ത് എത്തും. ജൂണ്‍ 15ന് പ്രത്യേക നിരക്ക് ബാധകമായിരിക്കും. തൊട്ടടുത്തുള്ള ഞായറാഴ്ചകളിൽ രാത്രി ഏഴിന് ട്രെയിൻ എറണാകുളത്തു നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 7.20നു ചെന്നൈയിൽ എത്തും. ജൂലൈ ഒന്നു വരെ ട്രെയിൻ സർവീസ് നടത്തും.
ഏപ്രിൽ രണ്ടു മുതൽ ജൂണ്‍ 25 വരെയുള്ള തിങ്കളാഴ്ചകളിൽ വൈകുന്നേരം 6.20ന് ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ സെൻട്രൽ -എറണാകുളം സ്പെഷൽ ഫെയർ ട്രെയി (06041) അടുത്ത ദിവസം രാവിലെ എട്ടിന് എറണാകുളത്ത് എത്തും. ഏപ്രിൽ അഞ്ച് മുതൽ ജൂണ്‍ 28 വരെയുള്ള വ്യാഴാഴ്ചകളിൽ തിരികെ ചെന്നൈയിലേക്കു സർവീസ് നടത്തും. രാത്രി 7.30നാണ് ട്രെയിൻ എറണാകുളത്തുനിന്നു പുറപ്പെടുന്നത്.
ഏപ്രിൽ അഞ്ചു മുതൽ ജൂണ്‍ 28 വരെയുള്ള വ്യാഴാഴ്ചകളിൽ ചെന്നൈ സെൻട്രൽ- കൊല്ലം സ്പെഷൽ ഫെയർ ട്രെയിനുകൾ (06047) ഓടും. ചെന്നൈ സെൻട്രലിൽ നിന്ന് വൈകുന്നേരം 6.30 പുറപ്പെടുന്ന സ്പെഷൽ ഫെയർ ട്രെയിൻ അടുത്ത ദിവസം രാവിലെ 10.30ന് കൊല്ലത്ത് എത്തും. ജൂണ്‍ 14ന് സുവിധ(82633)യാണ് സർവീസ് നടത്തുന്നത്. കൊല്ലം- ചെന്നൈ സെൻട്രൽ (06048) സ്പെഷൽ ഫെയർ ട്രെയിൻ ഏപ്രിൽ ആറു മുതൽ ജൂണ്‍ 29 വരെയുള്ള വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.30ന് ചെന്നൈയിൽ എത്തും.
ഏപ്രിൽ ഏഴു മുതൽ ജൂണ്‍ 30 വരെയുള്ള ശനിയാഴ്ചകളിൽ രാത്രി 11.40നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോർ- എറണാകുളം (06033) സ്പെഷൽ ഫെയർ ട്രെയിൻ പിറ്റേന്ന് ഉച്ചകഴിഞ്ഞ് 1.30ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും.
വൈകുന്നേരം അഞ്ചിന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.45ന് ചെന്നൈയിലെത്തുന്ന സ്പെഷൽ ഫെയർ ട്രെയിൻ (06034) എപ്രിൽ 10 മുതൽ ജൂലൈ മൂന്നു വരെയുള്ള ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. മേയ് ഒന്നിന് സുവിധ (82638) ഓടും.
ഏപ്രിൽ മുതൽ ജൂലൈ വരെ സ്പെഷൽ ട്രെയിൻ സർവീസ്
12:44 AM Mar 23, 2018 | Deepika.com