തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിൽ അതിവേഗം ഒരു നടപടിക്കു സർക്കാരില്ലെന്നും ഇക്കാര്യത്തിൽ ചർച്ചയ്ക്ക് സർക്കാരിന് തുറന്ന മനസാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. കെ.എൻ.എ. ഖാദറിന്റെ അടിയന്തിരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തു പ്രവർത്തിക്കുന്ന അണ്‍എയ്ഡഡ് സ്കൂളുകളിൽ 1066 എണ്ണത്തിനാണ് സർക്കാരിന്റെ അംഗീകാരമുള്ളത്. 2016 മാർച്ച് 16 ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗീകാരമില്ലാത്ത അണ് എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത അണ്‍എയ്ഡഡ് സ്കൂളുകൾക്ക് സർക്കാർ നോട്ടീസ് നല്‍കിയത്.
1585 സ്കൂളുകൾക്കാണ് നോട്ടീസ് നല്‍കിയത്. ഈ നോട്ടീസിനു സ്കൂളുകൾ മറുപടി നല്‍കിയിട്ടുണ്ട്. ചിലർ പരാതിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. അംഗീകാരത്തിനായി 1194 സ്കൂളുകൾ അപേക്ഷ നല്‍കിയതിൽ 359 എണ്ണത്തിന് അംഗീകാരം നല്കി. ചില അണ്‍എയ്ഡഡ് സ്കൂളുകൾ അധ്യാപകർക്ക് തുച്ഛമായ ശമ്പളവും വിദ്യാർഥികളിൽ നിന്നു വൻ തുക ഫീസും വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യൻ മിഷനറിമാർ ഉൾപ്പെടെയുള്ളവർ നല്‍കിയിട്ടുള്ള സംഭാവനകൾ ഏറെ വലുതാണെന്നും ഇതു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറ്റവുമധികം സഹായകരമായെന്നും മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്ത സ്കൂളുകൾക്ക് അവരുടെ പശ്ചാത്തല സൗകര്യങ്ങൾ ഉൾപ്പെടെയുള്ളവ വർധിപ്പിക്കുന്നതിനു രണ്ടു വർഷത്തെ സാവകാശം നൽകണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നല്ല നിലയിൽ പ്രവർത്തിക്കുന്ന നിരവധി അണ് എയ്ഡഡ് സ്കൂളുകൾക്ക് അംഗീകാരമില്ലാത്ത സ്ഥിതിയാണ്. മൂന്ന് ഏക്കർ ഭൂമി സ്കൂളിനു വേണമെന്നുള്ള നിബന്ധനകളിൽ മാറ്റം വരുത്തണം. മികച്ച നിലവാരമുള്ള സ്കൂളുകളിൽ രക്ഷിതാക്കൾ മക്കളെ ചേർക്കുന്നത് സ്വാഭാവികം മാത്രമെന്നും ചെന്നിത്തല പറഞ്ഞു.
മധ്യവേനൽ അവധിക്കായി അടയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂളുകൾക്ക് നോട്ടീസ് ലഭിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നു നോട്ടീസ് നല്കിയ ഖാദർ പറഞ്ഞു. അടുത്തവർഷം ഈ സ്കൂളുകൾ പ്രവർത്തിക്കുമോ എന്ന ആശങ്ക പോലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അംഗീകാരമില്ലാത്ത അണ് എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിൽ സർക്കാരിനു തുറന്ന മനസ്: മന്ത്രി
02:27 AM Mar 22, 2018 | Deepika.com