അങ്കമാലി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ നവീകരിച്ച ഡയാലിസിസ് സെന്റർ പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനം ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിർവഹിച്ചു.
അർഹരായ രോഗികൾക്ക് സൗജന്യ സേവനങ്ങൾ നല്കുന്നതിനുവേണ്ടി ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ഒന്നരക്കോടിയോളം രൂപ ചെലവഴിച്ചാണ് ഡയാലിസിസ് സെന്റർ നവീകരിച്ചത്. നമ്മുടെ കൈയിൽ ഉള്ളതിലല്ല മറ്റുള്ളവർക്ക് അത് നൽകുമ്പോഴാണ് നമ്മൾ യഥാർഥ മനുഷ്യ സ്നേഹിയാകുന്നതെന്നും ഇനിയും ഇതുപോലെ ഡയാലിസിസ് സെന്ററുകൾ തുടങ്ങാൻ സന്നദ്ധനാണെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
ബിഷപ് മാർ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. ഓരോ വർഷവും കിഡ്നി രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ നമ്മുടെ ഭക്ഷണ രീതികളിൽ വിശദമായ പരിശോധനയും മാറ്റവും ആവശ്യമാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ലിറ്റിൽഫ്ളവർ ആശുപത്രിയിൽ ഡയാലിസിസ് ആരംഭിച്ച ഡോ. സി.കെ. ഈപ്പൻ, ലിറ്റിൽഫ്ളവർ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ ചുമതലയുള്ള സിസ്റ്റർ വയലറ്റ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ലിറ്റിൽഫ്ളവർ ആശുപത്രി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരക്കൽ, അങ്കമാലി നഗരസഭാ ചെയർപേഴ്സൺ എം.എ. ഗ്രേസി, അങ്കമാലി സെന്റ് ജോർജ് ബസിലിക്ക റെക്ടർ റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ, ലയൺസ് ക്ലബ് മുൻ പ്രസിഡന്റ് ജോൺ കാച്ചപ്പിള്ളി, ഡോ. സ്റ്റീജി ജോസഫ്, ഡോ. ജോസഫ് കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
ലിറ്റിൽ ഫ്്ളവർ ആശുപത്രിയിൽ നവീകരിച്ച ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു
02:14 AM Mar 22, 2018 | Deepika.com