തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ മറവിൽ നടക്കുന്ന ആയുധ പരിശീലനം തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പോലുള്ള സംഘടനകൾ മാസ്ഡ്രിൽ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃതമായ ഇത്തരം പരിശീലനം നടത്തുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമേ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ തടയാൻ പോലീസ് ആക്ടിലെ വകുപ്പുകൾക്കനുസൃതമായി ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. ചില ആരാധനാലയങ്ങളുടെ പരിസരങ്ങൾ, ചില സ്കൂൾ വളപ്പുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലം ആളൊഴിഞ്ഞ സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന ശാഖകളിൽ ദണ്ഡ് ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കേരള പോലീസ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയംരക്ഷ സംബന്ധിച്ചോ അഭ്യാസരീതികൾ ഉൾക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെർമിറ്റില്ലാതെ ആർക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്ട്രേട്ടിന് മാസ് ഡ്രിൽ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്.
ആരാധനാലയങ്ങൾ ഭക്തർക്ക് സ്വൈരമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്നങ്ങൾ ചില ഇടങ്ങളിൽ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കർശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്ഡഡ് സ്കൂളുകളിൽ ഇത്തരം സംഘടനകൾ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങൾക്കെതിരും കുറ്റകരവുമാണ്. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും എതിരേ കർശന നടപടിയുണ്ടാകും.
പൊതുസ്ഥലങ്ങളിൽ മതസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും തങ്ങളുടെ ചിഹ്നങ്ങൾ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളിൽ ഒരു കൂട്ടർക്കെതിരായി മാത്രം നിലപാടെടുക്കാൻ കഴിയില്ല. ഏകീകൃതമായ നിലപാടാണ് ഇക്കാര്യത്തിൽ വേണ്ടെതെന്നും ഡി.കെ. മുരളി, ഇ.പി. ജയരാജൻ, വി.കെ.സി. മമ്മദ് കോയ, പി.ഉണ്ണി, എ.എൻ. ഷംസീർ, കെ.സി. ജോസഫ്, ടി.വി. രാജേഷ് എൻ.എ. നെല്ലിക്കുന്ന്, വി.ഡി. സതീശൻ, പി.ടി. തോമസ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
ആരാധനാലയങ്ങളുടെ മറവിൽ ആയുധപരിശീലനം ;തടയാൻ ആവശ്യമെങ്കിൽ നിയമനിർമാണം: മുഖ്യമന്ത്രി
02:14 AM Mar 22, 2018 | Deepika.com