തിരുവനന്തപുരം: മലപ്പുറം,വയനാട്, പാലക്കാട് ജില്ലകളിലെ ഗോത്ര വിഭാഗങ്ങളിൽപ്പെട്ടവർക്കായി കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രത്യേക റിക്രൂട്ട്മെന്റ് നടത്തുന്നു. പണിയാൻ, അടിയാൻ, കാട്ടുനായ്ക്കൻ, കുറുമ്പ സമുദായങ്ങളിൽ പെട്ടവർക്കുവേണ്ടി പോലീസ്, എക്സൈസ് വിഭാഗങ്ങളിലേക്കാണു സർക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം റിക്രൂട്ട്മെന്റ് നടത്തുന്നതെന്നു പിഎസ്സി ചെയർമാൻ എം.കെ.സക്കീർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യാസം ഉള്ളവർ, പത്താം ക്ലാസ് തോറ്റവർ, എട്ടാം ക്ലാസ് യോഗ്യതയുള്ളവർ എന്നിങ്ങനെ തിരിച്ചാണു പോലീസിലേക്കും എക്സൈസിലേക്കും മുൻഗണനാക്രമത്തിൽ നിയമനം നൽകുക. ഇത്തരത്തിൽ പരീക്ഷയും ഇന്റർവ്യൂവും നടത്തിയുള്ള പത്തു റാങ്ക് ലിസ്റ്റുകളാണു തയാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ പെട്ടവരെ അതതു ജില്ലാ ഓഫീസുകളിൽ വിളിച്ചുവരുത്തി അഡ്വൈസ് മെമ്മോ കൈമാറും. 10 റാങ്ക് ലിസ്റ്റുകളിൽനിന്നുമായി 100 പേരെയാണ് പ്രത്യേക നടപടിക്രമത്തിലൂടെ പോലീസുകാരായും എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായും നിയമിക്കാൻ പോകുന്നത്. ഈ മൂന്ന് ജില്ലകളിലേയും അതതു പ്രദേശങ്ങൾക്കു മാത്രം പ്രാതിനിധ്യം നൽകിയുള്ളതാണു നിയമനം.
ആദിവാസി, വനം വകുപ്പുകളുടേയും പോലീസിന്റെയും പ്രത്യേക സഹായത്തോടെ ഉദ്യോഗാർഥികളെ അതതു സ്ഥലങ്ങളിൽപോയി കണ്ടെത്തി അവരിൽനിന്നും അപേക്ഷ പൂരിപ്പിച്ചു വാങ്ങി പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുപ്പിച്ച് ഒരു ന്യൂനതയും ഇല്ലാതെയാണു റാങ്ക്ലിസ്റ്റ് തയാറാക്കിയതെന്നു ചെയർമാൻ പറഞ്ഞു. എക്സൈസിന്റെയും പോലീസിന്റെയും ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഏതു വേണമെന്നു തെരഞ്ഞെടുക്കാൻ അവസരം നൽകും.
അടുത്ത മാസം അഞ്ചിനു മുന്പ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അഡ്വൈസ് മെമ്മോ നേരിട്ടു കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വർഷമാണ് ഈ റാങ്ക് ലിസ്റ്റിന്റെ കാലാവധി. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് അവരുടെ മേഖലയിലായിരിക്കും നിയമനം നൽകുക.
കെഎഎസ് നോട്ടിഫിക്കേഷൻ രണ്ടു മാസത്തിനകം
തിരുവനന്തപുരം : ചട്ടങ്ങൾ രൂപീകരിച്ചുകഴിഞ്ഞാൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള നോട്ടിഫിക്കേഷൻ രണ്ടു മാസത്തിനുള്ളിൽ ഉണ്ടാകുമെന്നു പിഎസ്സി ചെയർമാൻ എം.കെ.സക്കീർ പറഞ്ഞു. ഐഎഎസ് മാതൃകയിലായിരിക്കും പരീക്ഷ. രണ്ട് ഘട്ടങ്ങളിലെ പരീക്ഷയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്.
എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പുതിയ റാങ്ക് ലിസ്റ്റ് ഏപ്രിൽ രണ്ടിനു നിലവിൽ വരും. ഈ മാസം 30-നാണു പഴയ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. 31-ന് അർധരാത്രി വരെ ലിസ്റ്റിന് പ്രാബല്യമുണ്ടാകും. ഏപ്രിൽ ഒന്ന് അവധിയായതിനാൽ രണ്ടിനു മാത്രമേ പുതിയ ലിസ്റ്റ് നിലവിൽവരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രവിഭാഗങ്ങളിൽപ്പെട്ടവർക്കായി പിഎസ്സിയുടെ പ്രത്യേക റിക്രൂട്ട്മെന്റ്
02:14 AM Mar 22, 2018 | Deepika.com