തിരുവനന്തപുരം: ടിവി ചാനലുകൾ കുട്ടികളെ പങ്കെടുപ്പിച്ചു പരിപാടികൾ നടത്തുന്പോൾ ശിശു-ബാല സൗഹൃദമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് തൊഴിൽ വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് സർക്കാർ നിർദേശിച്ചു.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ലേബർ കമ്മീഷണർ ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചു. ടിവി പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് എല്ലാ ജില്ലാ കളക്ടർമാർക്കും വ്യക്തമായ നിർദേശം നൽകാൻ റവന്യു വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികൾക്ക് മതിയായ ഭക്ഷണം നൽകുക, ഷൂട്ടിംഗിന്റെ ഇടവേളകളിൽ പഠിക്കാൻ സൗകര്യം നൽകുക, രക്ഷാകർത്താവ് കൂടെ ഉണ്ടായിരിക്കുക, റിയാലിറ്റി ഷോകളിൽ നിന്ന് കുട്ടി പുറത്താകുന്ന സാഹചര്യം ഉണ്ടായാൽ ആത്മവിശ്വാസം തകർക്കുന്ന വിലയിരുത്തലുകൾ വിധികർത്താവ് നടത്താതിരിക്കുക, സ്കൂൾ പഠനം 10 ദിവസത്തിൽ കൂടുതൽ മുടങ്ങാതെ ശ്രദ്ധിക്കുക, വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഷൂട്ടിംഗ് സാഹചര്യം ഒരുക്കുക, അനുയോജ്യമായ മേക്കപ്പ് ഉപയോഗിക്കുക, കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന പ്രവർത്തനങ്ങളും ലൈംഗികാതിക്രമങ്ങളും ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നീ നിർദേശങ്ങളും കമ്മീഷൻ ഉത്തരവിലുണ്ട്.
ഇക്കാര്യങ്ങൾ പാലിക്കുന്നുണ്ടെ ന്ന് ജില്ലാ കളക്ടർമാരും ജില്ലാ ലേബർ ഓഫീസർമാരും ഉറപ്പാക്കണമെന്ന കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി.
ചാനൽ ഷൂട്ടിംഗ് ശിശുസൗഹൃദമാകണം: ബാലാവകാശ കമ്മീഷൻ
01:11 AM Mar 22, 2018 | Deepika.com