തിരുവനന്തപുരം: സ്വർണവ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നോട്ട് നിരോധനവും ജിഎസ്ടിയും ചേർന്നു നടുവൊടിച്ച സ്വർണമേഖലയെ കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത് ഒരുതരത്തിലും നീതീകരിക്കാനാവില്ല. ചെറുകിട വ്യാപാരികളെയാണ് ഇത് ഏറ്റവുമധികം പ്രതിസന്ധിയിലാക്കുന്നത്. ജിഎസ്ടിയുടെ അധികാരം പൂർണമായും കേന്ദ്രസർക്കാരിനായിരിക്കെ പഴയനിയമത്തിന്റെ പേരിൽ വ്യാപാരികളെ ഉപദ്രവിക്കാനുള്ള സർക്കാരിന്റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ 2011 മുതലുള്ള കണക്കുകൾ വീണ്ടും ഹാജരാക്കാനാവശ്യപ്പെട്ടു സ്വർണവ്യാപാരികളെ പീഡിപ്പിക്കാനുള്ള ശ്രമത്തിൽനിന്ന് ഉദ്യോഗസ്ഥർ പിന്മാറണമെന്ന ആവശ്യം ഉന്ന യിച്ചാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് ധർണ നടത്തിയത്.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ എസ്. അബ്ദുൾ നാസർ, ബി. ഗിരിരാജൻ, റോയ് പാലത്ര, സി.വി. കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.
സ്വർണവ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്നു സർക്കാർ പിന്തിരിയണം: രമേശ് ചെന്നിത്തല
01:47 AM Mar 21, 2018 | Deepika.com