കണ്ണൂർ: കുടിയേറ്റ പിതാക്കന്മാരുടെ ജീവിതമാതൃക നമ്മുടെ ജീവിത വിജയത്തിനു കാരണമായതായും ദൈവത്തിൽ ആശ്രയിച്ച ഒരു സമൂഹത്തിന്റെ വളർച്ചയാണ് നാം ഇവിടെ ദർശിക്കുന്നതെന്നും കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.
രാജപുരം ക്നാനായ കുടിയേറ്റ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയ സ്ഥാപനത്തിന്റെ 75-ാം വാർഷികവും കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനവും പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ പിതാക്കന്മാരുടെ കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സദ്ഫലങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യങ്ങളെന്നും കാലത്തിന്റെ വിളികേട്ടു മുന്നോട്ടുള്ള യാത്രയിൽ കുടിയേറ്റത്തിന്റെ നവചൈതന്യം നമുക്ക് പ്രചോദനമാകട്ടെയെന്നും ബിഷപ് പറഞ്ഞു.
ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി അധ്യക്ഷത വഹിച്ചു. ഫൊറോന വൈദിക പ്രതിനിധി ഫാ.ഫിലിപ്പ് ആനിമൂട്ടിൽ, കൂടാരയോഗം സെക്രട്ടറി സൈമണ്‍ മണ്ണൂർ എന്നിവർ പ്രസംഗിച്ചു.പൊതുസമ്മേളനത്തിൽ 1943ലെ കുടിയേറ്റത്തിലും അതിനുശേഷം വന്നവരെയും പ്ലാറ്റിനം ജൂബിലി വർഷത്തിൽ 50-ാം വിവാഹ വാർഷികം ആഘോഷിക്കുന്നവരെയും പുതുതലമുറയിൽപ്പെട്ട നാലു മക്കളിൽ കൂടുതലുള്ളവരെയും ആദരിച്ചു.
ജൈവ പച്ചക്കറി കൃഷിയിൽ സമ്മാനദാനവും നടത്തി. കുടിയേറ്റ ജൂബിലിയുടെയും തിരുനാൾ പ്രസുദേന്തി സജി ഒരപ്പാങ്കലിന്റെയും സഹകരണത്തോടെ നിർമിച്ച ഭവനത്തിന്റെ താക്കോൽ ദാനവും മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.
രാജപുരം കുടിയേറ്റ പ്ലാറ്റിനം ജൂബിലിക്കു പ്രൗഢോജ്വല സമാപനം
01:14 AM Mar 21, 2018 | Deepika.com