മൂലമറ്റം: ഇന്ത്യയുടെ യുവജന കായികമികവ് ഉയർത്തുന്നതിനുവേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുന്ന "ഖേലോ ഇന്ത്യ' എന്ന സ്കീമിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ കായികമികവ് വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുംവേണ്ടി മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഗ്രൗണ്ടിൽ സംഘടിപ്പിച്ച സംസ്ഥാന കായികമേള സമാപിച്ചു. മേളയിൽ അഞ്ചു ജില്ലകളിൽനിന്നായി അഞ്ഞൂറിൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു.
സെന്റ് ജോസഫ്സ് അക്കാദമിയിലെ ആയിരത്തിൽപ്പരം വിദ്യാർഥികൾ മേളയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു." നിങ്ങൾ തനിച്ചല്ല, ഞങ്ങളുണ്ട് കൂടെ' എന്ന മുദ്രാവാക്യവുമായി ബഡി മാർച്ചോടുകൂടി ആയിരുന്നു കായികമേള ആരംഭിച്ചത്. മാർച്ച്പാസ്റ്റിന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.എൽ. ജോസഫ് സല്യൂട്ട് സ്വീകരിച്ച് പതാക ഉയർത്തി മീറ്റ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ സ്പെഷൽ ഒളിന്പിക്സ് ഭാരത് ഇടുക്കി ജില്ലാ കോ-ഓർഡിനേറ്റർ ഫാ. ക്ലീറ്റസ് ടോം ഇടച്ചേരിൽ സിഎംഐ സ്വാഗതം പറഞ്ഞു. സെന്റ് ജോസഫ്സ് ഗ്രൂപ്പ്സ് ഓഫ് എഡ്യൂ ക്കേഷൻ മാനേജർ ഫാ. ജോസ് നെടുന്പാറ അധ്യക്ഷത വഹിച്ചു. സ്പെഷൽ ഒളിന്പിക്സ് ഭാരത് സംസ്ഥാന ഡയറക്ടർ ഫാ. റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. ഫാ. മൈക്കിൾ ആനക്കല്ലുങ്കൽ (സെന്റ് ജോസഫ്സ് കോളജ് അക്കാദമി ഡയറക്ടർ), സിസ്റ്റർ റാണി ജോ (എസ്ഒബി സെക്രട്ടറി), ദീപു ജോൺ (എസ്ഒബി ട്രഷറർ), സിസ്റ്റർ അക്ഷയ (എസ്ഒബി, മലപ്പുറം ജില്ലാ കോ-ഓർഡിനേറ്റർ), അജ്നാസ് (എസ്ഒബി കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ), സ്റ്റേറ്റ് സ്പോർട്സ് കോ-ഓർഡിനേറ്റർ മൻസൂർ എന്നിവർ പ്രസംഗിച്ചു.
"ഖേലോ ഇന്ത്യ' കായിക മത്സരത്തിൽ മൂന്നു ദിവസങ്ങളിലായി അത്ലറ്റിക്സ്, ഷോട്ട്പുട്ട്, ബോച്ചേ, ഫുട്ബോൾ, വോളിബോൾ, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിൽ മത്സരങ്ങൾ നടന്നു. ഇന്ത്യൻ സ്പോർട്സ് അക്കാദമി തൊടുപുഴയിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് കേരള ബാഡ്മിന്റൺ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷൈജൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന, ജില്ലാ എസ്ഒബി ഭാരവാഹികൾ പങ്കെടുത്തു.
മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരം സംസ്ഥാന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹി ടോമി ഉദ്ഘാടനം ചെയ്തു.
അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ എസ്ഒബിയുടെ സംസ്ഥാന പ്രതിനിധികളായ ഫാ. റോയി കണ്ണൻചിറ സിഎംഐ, മൻസൂർ, ജില്ലാ പ്രതിനിധികളായ ഫാ. ക്ലീറ്റസ് ടോം ഇടച്ചേരിൽ സിഎംഐ, അജ്നാസ്, ഫാ. മൈക്കിൾ ആനക്കല്ലുങ്കൽ, ദീപു ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കായികമേളയ്ക്കു സമാപനം
01:04 AM Mar 21, 2018 | Deepika.com