വാഴൂർ: ദേശീയപാതയിൽ കോത്തലക്കു സമീപം സ്കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പിക്കപ്പിലുണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ വാഴൂർ തകടിയേൽ (മണ്ണാം പറന്പിൽ) ജോർജ് (67) ആണ് മരിച്ചത് . ഇന്നലെ രാവിലെ ഒന്പതിനു കോത്തലക്കു സമീപം മണ്ണാത്തിപ്പാറയിലായിരുന്നു അപകടം.
കോട്ടയം ഭാഗത്തുനിന്ന് അമിത വേഗത്തിൽ എത്തിയ പിക്കപ്, സ്കൂട്ടർ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ ഓടയിലിടിച്ചാണ് നിന്നത് .അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോർജിനെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ പിക്കപ്പ് യാത്രികരായ തെങ്കാശി സ്വദേശി മുത്തർ തേവയ്യയുടെ മകൻ അറുമുഖ സ്വാമി ( 34), തിരുവനന്തപുരം പൂജപ്പുര സ്വദേശി അനിൽ (27), തിരുവനന്തപുരം മെഡിക്കൽ കോളജ് സ്വദേശി ഗിരി (37), മധുര സ്വദേശി മഹാലിംഗം (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാന്പാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. ജോർജിന്റെ സംസ്കാരം ഇന്ന് രണ്ടിനു വെള്ളൂർ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ. ഭാര്യ: അമ്മുക്കുട്ടി കുഴിമറ്റം ആഞ്ഞിലിമൂട്ടിൽ കുടുംബാംഗം . മകൻ: ബൈജു വർഗീസ് ( തിരുവനന്തപുരം). മരുമകൾ: അനു.
സ്കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
01:04 AM Mar 21, 2018 | Deepika.com