കോട്ടയം: എസ്എസ്എൽസി പരീക്ഷയിൽ സാധാരണയായി വിദ്യാർഥികളെ പരീക്ഷിച്ചിരുന്ന ഗണിതപരീക്ഷ ഇത്തവണ എളുപ്പം. ഗണിതപരീക്ഷയോടുള്ള ഭയം ഒഴിവാക്കുന്ന സമീപനമായിരുന്നു ചോദ്യങ്ങളിൽ പ്രതിഫലിച്ചിരുന്നതെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. വൃത്തങ്ങളിലെ ജ്യാമിതിയ തത്വങ്ങൾ ഉപയോഗിക്കുന്ന അഞ്ച്, 23 ചോദ്യങ്ങൾ നിലവാരം പുലർത്തുന്നവയായിരുന്നു. സൂചകസംഖ്യ ഉപയോഗിക്കുന്ന ഒന്നാമത്തെ ചോദ്യം കുട്ടികളെ പരീക്ഷിച്ചതേയില്ല.
മധ്യമം കാണാനുള്ള നാല്, 24 ചോദ്യങ്ങളും നിലവാരം പുലർത്തി. ഇംഗ്ലീഷിൽ മലയാളം എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള സാധ്യത ഗണിതം എന്ന പാഠഭാഗത്തിലെ ചോദ്യം ലളിതമായിരുന്നെങ്കിലും അക്ഷരങ്ങൾ ആവർത്തിക്കപ്പെട്ടത് കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കാം. ചോയ്സ് നൽകിയിരുന്നതിനാൽ കുട്ടികൾക്ക് ആയാസരഹിതമായി ഉത്തരമെഴുതാൻ കഴിയും. എന്നാൽ അധ്യാപകർക്ക് മൂല്യനിർണയ ജോലികൾ വെല്ലുവിളിയാകും.
29 ചോദ്യങ്ങളാണുള്ളതെങ്കിലും ചോയ്സ് ഉള്ളതിനാൽ 75ലധികം ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയും നടത്തേണ്ടിവരുമെന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്കൂളിലെ ഗണിതാധ്യാപകൻ മൈക്കിൾ സിറിയക് പറഞ്ഞു.
‘എസ്എസ്എൽസി ഗണിതം പരീക്ഷണമാകരുത്’ എന്നപേരിലുള്ള ഇദ്ദേഹത്തിന്റെ ലേഖനം ഡിസംബർ 27ന് ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു.
എസ്എസ്എൽസി: ഗണിതപരീക്ഷ ഇത്തവണ ലളിതം
12:26 AM Mar 20, 2018 | Deepika.com