അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി വാഹനം ഇടിച്ചു മരിച്ചു. എടത്വ പച്ച നൂറു പറത്തറയില്‍ തങ്കപ്പന്റെ മകന് സുരേഷ് (42) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.45 ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളജിനു സമീപത്തായിരുന്നു അപകടം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടര്‍ന്നു സുരേഷിനെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
14-ാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു. പിതൃസഹോദരി വൃദ്ധയായ അന്നമ്മ മാത്രമാണ് കൂട്ടിന് ഉണ്ടായിരുന്നത്. രാത്രി 9.30 നു ഭക്ഷണം കഴിക്കാനാണെന്നു പറഞ്ഞാണ് വാര്‍ഡിന് വെളിയിലിറങ്ങിയത്.
വരാന്‍ വൈകിയപ്പോള്‍ ആശുപത്രിക്കുള്ളില്‍ പല ഭാഗത്തും ഇവര്‍ അന്വേഷിച്ചു നടന്നു. പിന്നീട് വെളിയില്‍ ഇറങ്ങി സമീപത്തെ കടകളിലും റോഡരികിലും അന്നമ്മ തെരച്ചില്‍ നടത്തി. പ്രായാധിക്യം മൂലം തളര്‍ന്ന് അവശയായ ഇവര്‍ മണിക്കൂറുകളോളം സുരേഷിനെ കാത്ത് അത്യാഹിതത്തിനു മുന്നില്‍ കുത്തിയിരുന്നു. ഇതിനിടയില്‍ പുലര്‍ച്ചെ നാലോടെ വാഹനാപകടത്തില്‍ മരിച്ച ഒരാളുടെ മൃതദേഹവുമായി പോലീസ് അകമ്പടിയോടെ ആംബുലന്‍സ് എത്തി. ആംബുലന്‍സില്‍ നിന്ന് മൃതദേഹം വെളിയില്‍ ഇറക്കിയപ്പോഴാണ് അപകടത്തില്‍ മരിച്ചത് സുരേഷ് ആണെന്ന് അന്നമ്മ തിരിച്ചറിഞ്ഞത്. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പില്‍. ഭാര്യ: ശകുന്തള. മക്കള്‍: സനേഷ്, ശരത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രോഗി വാഹനം ഇടിച്ചു മരിച്ചു
12:08 AM Mar 20, 2018 | Deepika.com