ഒറ്റപ്പാലം: സംസ്ഥാന പാതയിൽ വാണിയംകുളത്തിനടുത്ത് മനിശീരിയിൽ നിയന്ത്രണംവിട്ട കണ്ടെയ്നർ വാൻ സ്വകാര്യ ബസിലിടിച്ചു രണ്ടുപേർ മരിച്ചു. മുതലമട ഏരിപ്പാടം ഷണ്മുഖന്റെ മകൻ ശെന്തിൽകുമാർ (38), പല്ലശന വടക്കേത്തറ തരകത്തുവീട്ടിൽ കുട്ടിസ്വാമി മന്നാടിയാരുടെ മകൻ ശിവരാമൻ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടുകൂടി തൃക്കങ്ങോട്ടാണ് അപകടം.
പാലക്കാട്ടേക്കു വരികയായിരുന്ന കണ്ടെയ്നർ വാനും തൃശൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യബസും കൂട്ടിയിടിച്ചാണ് അപകടം.
സംഭവസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് വെട്ടിത്തിരിഞ്ഞ കണ്ടെയ്നർവാൻ ബസിലിടിക്കുകയായിരുന്നു. ഇതോടുകൂടി നിയന്ത്രണംവിട്ട ബസ് സമീപമുള്ള മതിലിലേക്ക് ഇടിച്ചുകയറി. ബസിലെ യാത്രക്കാരായ ഇരുപതോളംപേർക്ക് നിസാരമായ പരിക്കേറ്റു. ഇവരെ ഒറ്റപ്പാലത്തെയും വാണിയംകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വാനിലുണ്ടായിരുന്ന രണ്ടു യുവാക്കളും തൽക്ഷണം മരിച്ചു. നാട്ടുകാർ ഓടികൂടി രക്ഷാപ്രവർത്തനം നടത്തി. ഒറ്റപ്പാലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
ഒറ്റപ്പാലത്ത് സ്വകാര്യബസും വാനും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
12:47 AM Mar 18, 2018 | Deepika.com