കൊച്ചി: വിരൽത്തുന്പിൽ യാത്രക്കാരന് വിവരങ്ങൾ ലഭ്യമാക്കുന്ന ഓപ്പണ്‍ ഡാറ്റാ സംവിധാനവുമായി കൊച്ചി മെട്രോ. കൊച്ചി പാർക്ക് അവന്യുവിലെ റവന്യു ടവറിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആസ്ഥാനത്തു നടന്ന ചടങ്ങിൽ സ്മാർട് സിറ്റി സിഇഒ മനോജ് നായർ ഓപ്പണ്‍ ഡാറ്റ ആക്സസ് പുറത്തിറക്കി.
രാജ്യത്തെ മെട്രോകളിൽ ഇത്തരം ഒരു സംവിധാനം ആദ്യമായി ഒരുക്കുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ആണ്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിൽ കയറി മെയിൽ ഐഡി ഉപയോഗിച്ച് ഓപ്പണ്‍ ഡാറ്റ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓപ്പണ്‍ ഡാറ്റ സംവിധാനത്തിലൂടെ ലഭ്യമാകും. ആദ്യപടിയായി ട്രെയിൻ സമയം, ടിക്കറ്റു നിരക്ക്, വിവിധ സ്റ്റേഷനുകളിൽ എത്തിച്ചേരുന്ന സമയം തുടങ്ങി അടിസ്ഥാനപരമായ കാര്യങ്ങളാകും ലഭ്യമാവുക. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാക്കി കൊച്ചി മെട്രോ
02:00 AM Mar 17, 2018 | Deepika.com