വാഴക്കുളം: കാഞ്ഞിരപ്പളളിയിൽ അടുത്ത മാസം 27നു നടക്കുന്ന ഇൻഫാം ദേശീയ കർഷക നേതൃസമ്മേളനത്തിന്റെയും കർഷകറാലിയുടെയും മുന്നോടിയായി നൂറു കേന്ദ്രങ്ങളിൽ നടത്തുന്ന കർഷക വിളംബരക്കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തൊടുപുഴയിൽ നടക്കും. കർഷകക്കൂട്ടായ്മയിലും അനുബന്ധമായും രൂപപ്പെടുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചു ബദൽ കാർഷിക വികസന നയരേഖ ദേശീയ നേതൃസമ്മേളനത്തിൽ അവതരിപ്പിക്കും.
കാർഷിക മേഖലയോടു തികഞ്ഞ അവഗണന കാണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക നീതി നിഷേധത്തിനെതിരേ എല്ലാ വിഭാഗം കർഷകരുടെയും കൂട്ടായ്മയും കർമപദ്ധതിയും നേതൃസമ്മേളനത്തിൽ ആവിഷ്കരിക്കുമെന്ന് ഇൻഫാം സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട് അറിയിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് തൊടുപുഴ ടൗണ്‍ പള്ളി ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കണ്‍വീനർ ജോസ് എടപ്പാട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിളളിൽ മുഖ്യപ്രഭാഷണം നടത്തും.
വൈസ് ചെയർമാൻ കെ. മൈതീൻ ഹാജി, ട്രഷറർ ജോയി തെങ്ങുംകുടി, ട്രസ്റ്റി ഡോ.എം.സി. ജോർജ്, ഫാ. ജിയോ തടിക്കാട്ട്, ജോയി പളളിവാതുക്കൽ, പി.എസ്.മൈക്കിൾ, എം.ടി. ഫ്രാൻസിസ്, റോയി വളളമറ്റം, കെ.എം. തോമസ് എന്നിവർ പ്രസംഗിക്കും.
ഇൻഫാം കർഷക വിളംബരക്കൂട്ടായ്മ: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
01:10 AM Mar 17, 2018 | Deepika.com