കൊച്ചി: തേയിലച്ചെടികളിൽ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികൾ പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാകമ്മീഷനും ടീ ബോർഡിനും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. എറണാകുളത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി. തേയില പായ്ക്കറ്റുകളുടെ സാന്പിളുകൾ ശേഖരിച്ച് കീടനാശിനിയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മലപ്പുറത്ത് കെട്ടിട നിർമാണ സൈറ്റിൽനിന്ന് താഴെ വീണ് നട്ടെല്ലിനു പരിക്കേറ്റ എറണാകുളം സ്വദേശിയായ യുവാവ് കരാറുകാരനിൽനിന്ന് ധനസഹായം ആവശ്യപ്പെട്ട് സമർപ്പിച്ച പരാതി അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകി.
പൂതൃക്ക പഞ്ചായത്തിൽ കരിങ്കല്ല് പൊടിച്ച് ഹോളോബ്രിക്സുണ്ടാക്കുന്ന കന്പനി പ്രദേശവാസികൾക്ക് ശല്യമുണ്ടാക്കുന്നുവെന്ന പരാതിയിൽ വിശദീകരണം സമർപ്പിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും എക്സിക്യൂട്ടീവ് എൻജിനീയർക്കും നിർദേശം നൽകി.
ആശ്വാസകിരണം പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്നവർക്ക് മൂന്നു വർഷത്തെ ശന്പളം ലഭിക്കാനുണ്ടെന്ന മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമൂഹ്യനീതി ഓഫീസറോട് കമ്മീഷൻ നിർദേശിച്ചു. പുതുവൈപ്പ് സമരക്കാരെ പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട കേസ് ഏപ്രിൽ 13 ന് പരിഗണിക്കുമെന്ന് കമ്മീഷൻ അധ്യക്ഷൻ അറിയിച്ചു. പരാതിക്കാരനും സാക്ഷിയും ഹാജരായെങ്കിലും മുൻ ഡിസിപി യതീഷ് ചന്ദ്ര ഹാജരായിരുന്നില്ല. അടുത്ത സിറ്റിംഗിൽ കേസ് തീർപ്പാക്കി ഉത്തരവിറക്കുമെന്നും കമ്മീഷൻ അറിയിച്ചു.
അന്പലമേട് കുഴിക്കാട് മേഖലയിൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിപിസിഎൽ ബ്ലൂപ്രിന്റ് സമർപ്പിച്ചിട്ടുണ്ടെന്നും അടുത്ത സിറ്റിംഗിൽ ഈ കേസ് പരിഗണിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
വീട്ടുകാരെ എതിർത്ത് പ്രേമിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ സഹോദരൻ അകറ്റി നിർത്തുന്നുവെന്നും രോഗബാധിതനായ അച്ഛനെ കാണാൻ അനുവദിക്കില്ലെന്നും കാണിച്ച് ആന്പല്ലൂർ സ്വദേശിയായ വീട്ടമ്മ സമർപ്പിച്ച പരാതിയിൽ അന്വേഷണം നടത്താനും കമ്മീഷൻ ഉത്തരവിട്ടു.
കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസിന്റെ അധ്യക്ഷതയിൽ കാക്കനാട് കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ 11 പരാതികൾ തീർപ്പാക്കി. ആകെ 109 കേസുകളാണ് പരിഗണിച്ചത്.
തേയിലച്ചെടികളിലെ കീടനാശിനി: അന്വേഷിക്കണമെന്നു കമ്മീഷൻ
01:00 AM Mar 17, 2018 | Deepika.com