തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2017ലെ കലാപുരസ്കാരങ്ങളായ കഥകളി പുരസ്കാരം, പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം, കേരളീയ നൃത്തനാട്യ പുരസ്കാരം എന്നിവ സാംസ്കാരിക മന്ത്രി എ.കെ. ബാലന് പ്രഖ്യാപിച്ചു. കലാമണ്ഡലം കെ.എസ്. വാസുദേവനാണു കഥകളി പുരസ്കാരം. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കു നല്കുന്ന പുരസ്കാരമാണിത്.
വാദ്യകലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരത്തിന് അന്നമനട പരമേശ്വരമാരാര്‍ അര്‍ഹനായി. തിമിലവാദനത്തിലെ പ്രശസ്ത കലാകാരനാണ് അദ്ദേഹം.
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമായ കേരളീയ നൃത്തനാട്യ പുരസ്കാരത്തിന് അര്‍ഹമായത് നിര്‍മല പണിക്കരാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്കാരവും.
കെ.എസ്. വാസുദേവനും പരമേശ്വരമാരാര്‍ക്കും നിര്‍മല പണിക്കർക്കും കലാപുരസ്കാരം
12:20 AM Mar 14, 2018 | Deepika.com