ഹമാസിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പിന്നില്‍ ഇന്ത്യന്‍ ഹാക്കര്‍മാരെന്ന് റിപ്പോര്‍ട്ട്

10:44 PM Oct 08, 2023 | Deepika.com
ന്യൂഡല്‍ഹി: ഹമാസിനെതിരെ ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ഹമാസിന്‍റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഹമാസ് പിഎസ് എന്ന ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യന്‍ സൈബര്‍ ഫോഴ്‌സ് എന്ന എക്‌സ് അക്കൗണ്ടിലും പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാഷ്ടാഗ് എഴുതിയ കുറിപ്പില്‍ ഐഎസ്‌ഐഎസും ഹമാസും ഒരുപോലാണെന്നും ചൂണ്ടിക്കാട്ടുന്നു.

ഹമാസ് ആക്രമണം രൂക്ഷമായതിന് പിന്നാലെ ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് പലസ്തീന്‍ സായുധ സംഘടനയായ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ഇതോടെ 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുന്നത്.

നീണ്ടു നില്‍ക്കുന്ന യുദ്ധത്തിനാണ് ഇസ്രയേല്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. യുദ്ധത്തില്‍ ഇസ്രയേലിന് വേണ്ട സാമ്പത്തികവും സൈനികവുമായ സഹായം അമേരിക്ക നല്‍കും. അധിക സാമ്പത്തികസൈനിക സഹായം ഇന്ന് പ്രഖ്യാപിക്കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ വ്യക്തമാക്കി.



സഹായം സംബന്ധിച്ച് ഇസ്രയേല്‍ അമേരിക്കയുടെ മുന്‍പാകെ സമര്‍പ്പിച്ച അഭ്യര്‍ത്ഥനകള്‍ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ അമേരിക്കന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു എന്ന റിപ്പോര്‍ട്ടിനെ പറ്റിയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.