തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന ഗുരുതരവും സംഘടിതവുമായ കുറ്റകൃത്യങ്ങളിൽ ഇനിയും തെളിയിക്കപ്പെടാത്തതും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതുമായ കേസുകളിൽ വേഗത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ ഊർജിത നടപടികൾ ആവിഷ്കരിക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാർക്കും റേഞ്ച് ഐജിമാർക്കും നിർദേശം നൽകി.
വിവിധ കാരണങ്ങളാൽ തെളിയിക്കപ്പെടാത്തതും പ്രതികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതുമായ കേസുകളുണ്ട്. ഇത്തരം കേസുകൾ പ്രത്യേകമായി പരിശോധിച്ചു പ്രതികളെ വേഗം അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കാനാണ് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയത്. ഇത്തരം കേസുകൾ സംബന്ധിച്ച ലിസ്റ്റ് തയാറാക്കി ജില്ലാ പോലീസ് മേധാവിമാർ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നടപടി സ്വീകരിക്കണം.
അവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നൽകണം. ഓരോ റേഞ്ചിലുമുള്ള ഇത്തരം കേസുകൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങളും മേൽനോട്ടവും റേഞ്ച് ഐജിമാർ നൽകണം. ഈ കേസുകളിൽ സ്വീകരിക്കുന്ന നടപടികൾ ജില്ലാ പോലീസ് മേധാവിമാർ എല്ലാ ദിവസവും സംസ്ഥാന പോലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണം.
കേസുകളുടെ പുരോഗതി പരിശോധിക്കുന്നതിനും കേസുകളിൽ ആവശ്യമായ ഏകോപനത്തിനും സംസ്ഥാന പോലീസ് ആസ്ഥാനത്ത് സംവിധാനമൊരുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
തെളിയിക്കപ്പെടാത്ത കേസുകളിൽ പ്രത്യേക അന്വേഷണം
01:50 AM Feb 26, 2018 | Deepika.com