കണ്ണൂര്‍: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കെ. സുധാകരൻ നടത്തുന്ന നിരാഹാരസത്യഗ്രഹം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കു നേരേ കരിങ്കൊടി കാട്ടി.
കണ്ണൂർ ടൗണിൽ നടന്ന സൈക്ലിംഗ് ക്ലബിന്റെ ഉദ്ഘാടന പരിപാടിക്കെത്തിയ മന്ത്രി സൈക്കിൾ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിനുവേണ്ടി റോഡരികിൽ കാത്തുനിൽക്കുമ്പോഴായിരുന്നു യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇന്നലെ രാവിലെ 7.10ന് കണ്ണൂർ തെക്കീബസാറിനു സമീപമായിരുന്നു സംഭവം. കരിങ്കൊടിയുമായി ചാടിവീണ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ട് മന്ത്രി പതറിപ്പോയി. എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന മന്ത്രിയെ പൈലറ്റ് വാഹനത്തിലെ പോലീസുകാർ ഉടൻ സ്ഥലത്തുനിന്ന് ഔദ്യോഗിക വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി.
മന്ത്രിയെ കരിങ്കൊടി കാട്ടിയ പതിനഞ്ചോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ടൗൺ പോലീസ് കേസെടുത്തു. മന്ത്രിയുടെ സഞ്ചാരസ്വാതന്ത്യം തടസപ്പെടുത്തിയതിനാണു കേസ്. തുടർന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പരിപാടികൾക്ക് പോലീസ് കനത്ത സുരക്ഷയൊരുക്കി.
ഷുഹൈബിന്റെ കൊലപാതകം: മന്ത്രി കടന്നപ്പള്ളിക്കുനേരേ കരിങ്കൊടി കാട്ടി
01:28 AM Feb 26, 2018 | Deepika.com