തിരുവനന്തപുരം: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുളള വായ്പാ പദ്ധതിയിലേക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പദ്ധതി പ്രകാരം പരാമവധി 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുളള ഒബിസി വിഭാഗം പ്രഫഷണലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും. ഇതേ വരുമാന പരിധിയിലുള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗം പ്രഫഷണലുകള്‍ക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ അനുവദിക്കും.
ഈ വരുമാന പരിധിക്ക് മുകളില്‍ ആറ് ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുളള മത ന്യൂനപക്ഷ വിഭാഗം പ്രഫഷണലുകള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതിനും പദ്ധതിയുണ്ട്. തിരിച്ചടവ് കാലയളവ് 84 മാസം വരെ.
അപേക്ഷകന് സംസ്ഥാനത്തെ ഒബിസി/മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രഫഷണല്‍ കോഴ്സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിടെക്, ബിഎച്ച്എംഎസ്, ബിആര്‍ക്, വെറ്ററിനറി സയന്‍സ്, ബിഎസ്സി, അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്നോളജി, ബിസിഎ, എല്‍എല്‍ബി, ഫുഡ് ടെക്നോളജി,ഫൈന്‍ ആര്‍ട്സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയാന്‍ പാടില്ല.
ഈ പദ്ധതി പ്രകാരം മെഡിക്കല്‍/ ആയുര്‍വേദ/ ഹോമിയോ/ സിദ്ധ/ ഡന്റല്‍ ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവില്‍ എന്‍ജിനിയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വേര് ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്നെസ് സെന്റര്‍, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂകള്‍ച്ചര്‍ ഫാം, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ് എന്‍ജിനിയറിംഗ് വര്‍ക്ക്ഷോപ്പ് തുടങ്ങി പ്രഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും.
പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ഒബിസി വിഭാഗത്തില്‍പ്പെട്ട പ്രഫഷണലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും.
സംരംഭകന് സബ്സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്ക്കേണ്ടത്.തല്പരരായ പ്രഫഷണലുകള്‍ www.ksbcdc.com എന്ന വെബ്സൈറ്റ് വഴി മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ കോര്പറേഷന് സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ സംബന്ധിക്കണം.
സ്റ്റാര്‍ട്ടപ് സംരംഭം: വായ്പയ്ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
01:15 AM Feb 26, 2018 | Deepika.com