തിരുവനന്തപുരം: 2018-19 വർഷത്തെ എൻജിനിയറിംഗ്, ആർക്കിടെക്ചർ ഫാർമസി മെഡിക്കൽ/അനുബന്ധ കോഴ്സുകളിലേക്കു പ്രവേശനത്തിനായുള്ള ഓണ്‍ലൈൻ അപേക്ഷകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 28ന് വൈകുന്നേരം അഞ്ചിനകം സമർപ്പിക്കണം. ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും മാർച്ച് 31ന് വൈകുന്നേരം അഞ്ചിനു മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണരുടെ ഓഫീസിൽ ലഭിക്കണം.
ഓണ്‍ലൈൻ അപേക്ഷാ സമർപ്പണത്തിന് എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും സൗകര്യമുണ്ട്. കൂടാതെ ഫെസിലിറ്റേഷൻ സെന്ററുകളുംസജ്ജമാക്കി. ഫെസിലിറ്റേഷൻ സെന്ററുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ.
ഇതിനോടകം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള 1,52,684 വിദ്യാർഥികളിൽ 1,32,182 പേർ ഫൈനൽ സബ്മിഷൻ നടത്തി. 1,29,699 പേർ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്തു.
പ്രന്റൗട്ടും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരെ പ്രവേശനത്തിനായി പരിഗണിക്കില്ല. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ്, ബിഎസ്എംഎസ് എന്നീ മെഡിക്കൽ കോഴ്സുകളോ, അഗ്രികൾച്ചറൽ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളോ ആവശ്യമുള്ളവർ ഓണ്‍ലൈൻ അപേക്ഷ സമർപ്പണവേളയിൽ Medical Allied തെരഞ്ഞെടുക്കണം.
അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം നേറ്റിവിറ്റി തെളിയിക്കുന്നതിന് ’കേരളീയൻ’ ആയ അപേക്ഷകർ അപേക്ഷകന്റെയോ മാതാപിതാക്കളുടെയോ കേരളത്തിലെ ജനന സ്ഥലം കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ്, എസ്എസ്എൽസി, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്നിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. എസ്ഇബിസി/ഒഇസി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾ അപേക്ഷയുടെ പ്രിൻൗട്ടിനോടൊപ്പം ലഭിക്കുന്ന നിശ്ചിത മാതൃകയിൽ നോണ്‍ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസറിൽനിന്നു വാങ്ങി സമർപ്പിക്കണം.
അപേക്ഷയോടൊപ്പം ലഭിക്കുന്ന നിശ്ചിത മാതൃകയിലില്ലാത്ത നോണ്‍ ക്രീമിലെയർ സർട്ടഫിക്കറ്റുകൾ പരിഗണിക്കില്ല.
പ്രഫഷണൽ ഡിഗ്രി കോഴ്സ് പ്രവേശനം: 28നകം അപേക്ഷിക്കണം
01:22 AM Feb 25, 2018 | Deepika.com