തൃശൂർ: സിപിഎം ഭാരവാഹികൾക്കും മുഴുവൻസമയ പ്രവർത്തകർക്കും പാർട്ടി നൽകുന്ന ശമ്പളം വർധിപ്പിച്ചു. 5000 രൂപയിൽനിന്ന് 7,500 രൂപയായാണ് വർധിപ്പിച്ചത്.
മുഴുവൻസമയ പ്രവർത്തകർക്ക് അലവൻസ് നൽകാനുള്ള ഫണ്ട് ജില്ലാ കമ്മിറ്റികൾ കണ്ടെത്തണം. ജൂണ്‍ മാസത്തിൽ ഫണ്ടുപിരിവു നടത്താനും ധാരണയായി.
അടുത്ത വർഷാരംഭത്തിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കണമെന്നു സമ്മേളനം ആഹ്വാനംചെയ്തു. എല്ലാ ലോക്കൽ കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളും സജീവമാകണം. ഓരോ കുടുംബവുമായും അടുത്തബന്ധം സ്ഥാപിക്കണം. മേയ് മാസത്തിൽ സർവേനടത്തിക്കൊണ്ട് കുടുംബങ്ങളിലേക്കു കടന്നുചെല്ലണം. തുടർന്നു കുടുംബയോഗങ്ങളും സംഘടിപ്പിക്കണം. ബ്രാഞ്ചുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തുടങ്ങാനുള്ള ശ്രമംവേണം. പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്നവരുടെ കൂട്ടായ്മകൾ രൂപീകരിച്ചുകൊണ്ട് തുടക്കം കുറിക്കണം- സമ്മേളനത്തിൽ നിർദേശിച്ചു.
കണ്ണൂർ ശൈലി പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കുന്നുണ്ടെന്നു വിമർശനം ഉയർന്നു. എന്നാൽ കണ്ണൂരിൽവന്നു ജീവിക്കുമ്പോഴേ അതു മനസിലാകൂവെന്നു കണ്ണൂർ നേതാക്കൾ തിരിച്ചടിച്ചതോടെ ആ വിമർശനത്തിന്റെ മുനയൊടിഞ്ഞു.
സിപിഎം മുഴുവൻസമയ പ്രവർത്തകർക്കുള്ള അലവൻസ് 7,500 രൂപ
01:22 AM Feb 25, 2018 | Deepika.com