കണ്ണൂർ: കെ.സുധാകരന്റെ സമരപ്പന്തലിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഉപവാസസമരം ശ്രദ്ധേയമായി. ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് പടിക്കൽ കെ. സുധാകരൻ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ‘ഇനിയൊരു കൊലപാതകം കണ്ണൂരിലുണ്ടാകരുത്, ഒരമ്മയുടെയും കണ്ണുനീർ ഇനി വീഴരുത്’ എന്ന മുദ്രാവാക്യമുയർത്തിയുമാണ് പ്രവർത്തകർ ഉപവാസസമരം നടത്തിയത്. മുൻ മന്ത്രി എ.പി. അനിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു.
സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് വിശ്വാസമില്ലാത്ത പിണറായിയുടെ പോലീസിനെ എങ്ങനെ മറ്റുള്ളവർ വിശ്വസിക്കുമെന്ന് അനിൽ കുമാർ ചോദിച്ചു. ശുഹൈബ് വധക്കേസിൽ പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ശരിയായ രീതിയിലല്ലെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ അഭിപ്രായം. ഇതേക്കുറിച്ച് പാർട്ടി പ്രത്യേക അന്വേഷണം നടത്തുമെന്നും ജയരാജൻ പറഞ്ഞു. അപ്പോൾ ഈ പോലീസിനെ കോൺഗ്രസ് വിശ്വസിക്കണമെന്നു പറയുന്നതു ശുദ്ധ അസംബന്ധമാണ്- അനിൽകുമാർ പറഞ്ഞു.
ശുഹൈബ് വധം: മഹിളാ കോൺഗ്രസ് ഉപവസിച്ചു
01:58 AM Feb 24, 2018 | Deepika.com