കോട്ടയം: വെറും അന്പതു സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷിയുടെ വിസ്മയം ഒരുക്കിയാണ് കുറുന്പനാടം സെന്റ് ആന്റണീസ് എൽപി സ്കൂളിലെ ചുണക്കുട്ടികൾ ജൈവനന്മ പദ്ധതിയിൽ ഒന്നാം സ്ഥാനം തങ്ങളുടെ തോട്ടത്തിലേക്കു കൊണ്ടുവന്നത്. കുട്ടികളുടെ കൃഷി ഇതിനകംതന്നെ പലരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. ജനപ്രതിനിധികളും കൃഷിവകുപ്പ് അധികൃതരുമൊക്കെ ഈ കൃഷി കാണാനും വിളവെടുപ്പിനുമൊക്കെയായി എത്തിയിരുന്നു. ജൈവരീതിയിൽ അര ഏക്കറിൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് മണ്ണുമാന്തി ഉപയോഗിച്ചു കൃഷിക്ക് അനുയോജ്യമായ രീതിയിൽ നിലമൊരുക്കിയത്.
വെണ്ട, വഴുതന, മത്തങ്ങ, കുറ്റിപയർ, അച്ചിങ്ങാപ്പയർ, തക്കാളി, പച്ചമുളക്, കോവയ്ക്ക, പടവലം, വെള്ളരി, കാബേജ്, ചീര, പാവൽ, ചേന, ശീമച്ചേന്പ്, താമരക്കണ്ണൻ ചേന്പ്, കപ്പ, പപ്പായ, പാഷൻ ഫ്രൂട്ട് എന്നിങ്ങനെ 19 ഇനങ്ങളാണ് ഇവിടെ കൃഷി ചെയ്തിരിക്കുന്നത്. ചാണകപ്പൊടിയും കുട്ടികളുടെ ഉച്ചഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും എല്ലുപൊടി, കന്പോസ്റ്റ് എന്നിവയും മാത്രമാണ് വളമായി ഉപയോഗിച്ചത്. പഠനത്തിനിടയിലെ ഇടവേളകളിലാണ് അധ്യാപകരും വിദ്യാർഥികളും കൃഷിക്കു വേണ്ടുന്ന പരിചരണം നൽകിയത്. ഓണസദ്യ ഒരുക്കാനും സ്കൂൾ ഉച്ചഭക്ഷണത്തിനും ഈ പച്ചക്കറികളാണ് ഉപയോഗിച്ചത്.
ടെറസിൽ കയറി കിടങ്ങൂർ!
രണ്ടാം സ്ഥാനം നേടിയ കോട്ടയം കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കൃഷിപ്പെരുമ ടെറസിൽ കയറിയെന്നു പറയാം. നാലു വർഷമായി ജൈവരീതിയിൽ പച്ചക്കറി കൃഷി ചെയ്ത പരിചയവുമായിട്ടാണ് സ്കൂൾ ജൈവനന്മ പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. സ്കൂളിന്റെ 3,500 സ്ക്വയർഫീറ്റ് ടെറസിൽ ആയിരം ഗ്രോ ബാഗുകളിലാണ് രണ്ടാം സമ്മാനം കൊണ്ടുവന്ന കൃഷിയൊരുങ്ങിയത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയർ, ചീര, കോവൽ, പടവലം, പാവൽ എന്നിവയാണു കൃഷി ചെയ്തിരിക്കുന്നത്. ടെറസിൽ മാത്രമല്ല, പാടത്തെ കൃഷിക്കും തങ്ങൾ ഒട്ടും മോശമല്ലെന്ന് ഇവിടത്തെ വിദ്യാർഥികൾ തെളിയിച്ചു. സ്കൂളിനു സമീപമുള്ള രണ്ടരയേക്കർ പാടത്ത് പയർ, എള്ള്, ഉഴുന്ന് എന്നിവയാണ് കൃഷി ചെയ്യുന്നത്.
അഭിമാനത്തോടെ ഹോളിഫാമിലി
രണ്ടാം സ്ഥാനത്തിനു അർഹമായ തൃശൂർ ചിട്ടിശേരി പുലക്കാട്ടുകര ഹോളി ഫാമിലി എൽപി സ്കൂളിൽ സ്കൂളിനോടു ചേർന്നുള്ള 64 സെന്റ് സ്ഥലത്താണു ജൈവ രീതിയിലുള്ള പച്ചക്കറി കൃഷി ചെയ്തത്. വെണ്ട, മുളക്, പയർ, ചീര, ചേന്പ്, ചേന എന്നിവയ്ക്കു പുറമേ ശീതകാല പച്ചക്കറികളും നല്ല രീതിയിൽ കൃഷിചെയ്തു വരുന്നു. വിദ്യാർഥികൾ ആവേശത്തോടെയാണ് ഇവയെ പരിപാലിക്കുന്നത്.
ടെറസിലെ നൂറുമേനി
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂർ കിളിയന്തറ സെന്റ് ജൂഡ് നഗറിൽ തുന്പേപറന്പിൽ ഡോ. ടെസി ജോസ്ലെറ്റ് വീട്ടുമുറ്റത്തെ 10 സെന്റിൽ നൂറുമേനി വിളയിച്ചു. ഭർത്താവ് ജോസ്ലെറ്റും സഹായത്തിനുണ്ട്. വെണ്ട, ചീര, പാവൽ, പയർ എന്നിവയ്ക്കു പുറമേ ശീതകാല പച്ചക്കറികളും ഇവർ കൃഷിചെയ്യുന്നു. മികച്ച വിളവാണ് ഈ വർഷം ഇവർക്കു ലഭിച്ചത്.
ചക്കുപള്ളം പെരുമ
മൂന്നാം സ്ഥാനം ലഭിച്ച ഇടുക്കി ചക്കുപള്ളം സെന്റ് ഡൊമിനിക്സ് എൽപിഎസ് രണ്ടു വർഷം മുന്പാണ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചത്. 30 സെന്റ് സ്ഥലത്താണ് കൃഷിയുള്ളത്. രണ്ടര സെന്റ് സ്ഥലത്തെ മഴമറയ്ക്കുള്ളിലും 350 ഗ്രോ ബാഗുകളിൽ തുറസായ സ്ഥലത്തും പതിനഞ്ചിലേറെ ഇനം പച്ചക്കറികൾ നട്ടുപരിപാലിക്കുന്നു. സിഎംഐ വൈദികരുടെ മാനേജ്മെന്റിനു കീഴിലുള്ള സ്കൂളിൽ തക്കാളി, കാബേജ്, ബ്രോക്കോളി, കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ചൈനീസ് കാബേജ്, പച്ചമുളക് തുടങ്ങിയവയ സ്കൂളിലെ കുട്ടികളുടെ ആവശ്യത്തിനു ശേഷം വിപണിയിൽ വിൽക്കുകയാണ്.
മഴമറയിലെ കൃഷി
മൂന്നാം സ്ഥാനം ലഭിച്ച പേരാവൂർ തൊണ്ടിയിൽ എസ്എച്ച് കോണ്വെന്റിലെ കൃഷിയും ഏവരുടെയും മനം കവരും. കോണ്വന്റിനോടു ചേർന്നുള്ള ഒരേക്കർ സ്ഥലത്താണാണ് കോളിഫ്ളവർ, കാബേജ്, പയർ, തക്കാളി, മുളക് ചീര ഉൾപ്പെടെയുള്ളവ കൃഷി ചെയ്യുന്നത്. മഴമറ കൃഷിയുമുണ്ട്.
നെടുമണ്ണിയിലെ നന്മ
മികച്ച സഹകരണ സ്ഥാപനമായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയം നെടുംകുന്നം നെടുമണ്ണി ജൈവകാർഷക സ്വയം സഹായ സംഘത്തിലെ കർഷകരും സംഘത്തോടു ചേർന്നു പ്രവർത്തിക്കുന്ന അനശ്വര വനിതാവേദിയിലെ അംഗങ്ങളുമായ 19 പേരാണു സ്വന്തം വീട്ടുമുറ്റത്തു ജൈവ രീതിയിൽ വിവിധ പച്ചക്കറികൾ ഉത്പാദിപ്പിച്ചത്. വീട്ടിലെ ആവശ്യങ്ങൾക്കുശേഷം ഇവർ പച്ചക്കറികൾ നെടുമണ്ണിയിലുള്ള ഇക്കോ ഷോപ്പിൽ വിൽക്കുന്നുമുണ്ട്.
പ്രോത്സാഹന സമ്മാനം നേടിയ സ്ഥാപനങ്ങൾ, വ്യക്തികൾ
സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വള്ളക്കടവ് കാസർകോഡ്, ഗ്രേസി ജോർജ് നെല്ലാനികോട്ട് പുളിന്താനം എറണാകുളം, ജോളി ഷാജു മഞ്ഞളി കറുകുറ്റി എറണാകുളം, ഫാത്തിമ എ.യു.പി. സ്കൂൾ പെരുവണ്ണാമൂഴി കോഴിക്കോട്, ഗ്രേസി മാത്യു ചങ്ങനാശേരിൽ കാട്ടാന്പാക്ക് കോട്ടയം, സെന്റ് ആന്റണീസ് എൽപി സ്കൂൾ കൂടല്ലൂർ കോട്ടയം, സിഎംസി അമല പ്രോവിൻസ് കാഞ്ഞിരപ്പള്ളി കോട്ടയം, എംഎഎം എൽപി സ്കൂൾ പാണാവള്ളി ആലപ്പുഴ, സെന്റ് ജോസഫ്സ് കോണ്വെന്റ് വേഴപ്ര രാമങ്കരി ആലപ്പുഴ, ബെൻസി തങ്കച്ചൻ വടക്കേ ആക്കയിൽ വാരനാട് ചേർത്തല ആലപ്പുഴ, അമൽ ജ്യോതി സ്പെഷൽ സ്കൂൾ പൈനാവ് ഇടുക്കി, ജെമ്മ ജോസ് പനച്ചകത്തിൽ കൂട്ടുപുഴ കണ്ണൂർ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ തോമാപുരം നീലേശ്വരം കാസർഗോഡ്, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട തൃശൂർ, അഡോറേഷൻ പ്രൊവിൻഷ്യൽ ഹൗസ് നല്ലൂർനാട് മാനന്തവാടി വയനാട്, സെന്റ് മേരീസ് എൽപി സ്കൂൾ അതിരന്പുഴ കോട്ടയം, സിനിമോൾ തോമസ് കപ്പിയാങ്കൽ അണക്കര ഇടുക്കി, ലിസി ജോസഫ് ചങ്ങാടപ്പള്ളിൽ ചെന്പുകടവ് കോഴിക്കോട്, സെന്റ് സെബാസ്റ്റ്യൻസ് സിഎൽപിഎസ് നെല്ലിക്കുന്ന് തൃശൂർ, സെന്റ് അൽഫോൻസാ ഭവൻ എഫ്സി കോണ്വെന്റ് നെല്ലിക്കുന്ന് തൃശൂർ, സെന്റ് ജോസഫ്സ് യുപി സ്കൂൾ മലയിഞ്ചിപ്പാറ പൂഞ്ഞാർ കോട്ടയം, സിഎയുപിഎസ് മന്പാട് കിഴക്കഞ്ചേരി പാലക്കാട്, ബിന്ദു സിബി മണിയംപ്രായിൽ കുഴിത്തൊളു ഇടുക്കി, സെന്റ് മേരീസ് എൽപി സ്കൂൾ തലവടി എടത്വാ ആലപ്പുഴ, സെന്റ് മേരീസ് എൽപി സ്കൂൾ മുരിക്കാശേരി ഇടുക്കി, ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ സെന്റ് ജോർജ് കോണ്വെന്റ് ഉടുന്പന്നൂർ ഇടുക്കി, ഷേർളി ജോസഫ് മനയത്ത് പത്തനാട് കോട്ടയം, സൂസമ്മ ജോസഫ് കുറുപ്പൻപറന്പിൽ നെടുമണ്ണി കോട്ടയം, ഇകെ ഈയ്യോ ഇടക്കല്ലിൽ പുന്നവേലിൽ പുന്നവേലി കോട്ടയം, ലീലാമ്മ തോമസ് കല്ലുവെട്ടത്ത് മാടപ്പള്ളി കോട്ടയം, അനിലകുമാരി വള്ളവനോലിൽ നെടുമണ്ണി കോട്ടയം, ലീനാ മാത്യു തെക്കേവെങ്ങലപ്പള്ളിൽ നെടുമണ്ണി കോട്ടയം, ധന്യാ അനിൽ കാരുവേലിൽ ശ്രീഭവൻ നെടുമണ്ണി കോട്ടയം, സിമി ജോണ് കിഴക്കേമുട്ടം നെടുമണ്ണി കോട്ടയം, ഷീജ മനോജ് കാനക്കാലായിൽ നെടുമണ്ണി കോട്ടയം, റോസമ്മ ജോസഫ് മ്ലാമല നെടുമണ്ണി കോട്ടയം, ബിനു എസ്. കാവുങ്കൽ നെടുമണ്ണി കോട്ടയം, രാജമ്മ ശ്രീധരൻപിള്ള ഓലിക്കൽ നെടുമണ്ണി കോട്ടയം, മേരിക്കുട്ടി തോമസ് കുന്നുംപുറം നെടുമണ്ണി കോട്ടയം, സുജാകുമാരി എം.കെ. വള്ളവനോലിൽ നെടുമണ്ണി കോട്ടയം, ഫിലോമിന ജയിംസ് മണ്ണെടുപ്പാൻകുഴി നെടുമണ്ണി കോട്ടയം, ത്രേസ്യാമ്മ സെബാസ്റ്റ്യൻ കോഴിമണ്ണിൽ നെടുംകുന്നം കോട്ടയം, ഷൈനി പോൾ കിഴക്കേമുട്ടം നെടുമണ്ണി കോട്ടയം, മറിയാമ്മ ജോസഫ് വട്ടപ്പറന്പിൽ നെടുമണ്ണി കോട്ടയം, സ്റ്റെല്ലാ വർഗീസ് കൊച്ചുപറന്പിൽ നെടുമണ്ണി കോട്ടയം.
അന്പതു സെന്റിലെ വിസ്മയവുമായി കുറുന്പനാടം സെന്റ് ആന്റണീസ്
02:16 AM Feb 23, 2018 | Deepika.com