തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകം സിപിഎം സംസ്ഥാന സമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ ഉന്നയിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്. വി.എസിന് എഴുതിയ തുറന്ന കത്തിലാണു ഡീൻ ഇക്കാര്യം ആവശ്യപ്പെടുന്നത്.
കത്തിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ: കഴിഞ്ഞ 12നാണ് കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ യൂത്ത് കോണ്‍ഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന ശുഹൈബിനെ അങ്ങയുടെ പാർട്ടിക്കാരായ ഒരു കൂട്ടം നരാധമന്മാർ അതിക്രൂരവും നിഷ്ഠുരവുമായി വെട്ടിക്കൊലപ്പെടുത്തിയത്.
എടയന്നൂരിൽ അങ്ങയുടെ പാർട്ടിക്കെതിരായി മികച്ച സംഘാടകനായി ഉയരാനിടയുണ്ട് എന്നുകണ്ടാണ് ഇക്കൂട്ടർ ശുഹൈബിനെ 37 വെട്ടുകൾ വെട്ടി അരുംകൊല ചെയ്തത്. വെട്ടുകൾ മുഴുവൻ കാലിനേറ്റ ശുഹൈബ് ചോര വാർന്നു മരിക്കുകയായിരുന്നു. ചന്ദ്രശേഖരന്റെ കൊലയ്ക്ക് കാരണക്കാരായ പ്രതികൾ ശിക്ഷിക്കപ്പെട്ട് ജയിലിലായിട്ടും അങ്ങയുടെ പാർട്ടി ഒരു പാഠവും പഠിച്ചിട്ടില്ല എന്നല്ലേ ശുഹൈബിന്റെ ക്രൂരമായ കൊലപാതകം വ്യക്തമാക്കുന്നതെന്നു ഡീൻ കത്തിലൂടെ ചോദിച്ചു.
ശുഹൈബ് വധം: ഡീൻ കുര്യാക്കോസ് വിഎസിനു തുറന്ന കത്തയച്ചു
01:43 AM Feb 23, 2018 | Deepika.com