കൊച്ചേട്ടന്റെ കത്ത് / ഹസ്തദാനം - എന്റെ സ്നേഹദാനം
സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,
"ഷേക് ഹാൻഡ്' എന്നത് ഇന്ന് ഏവരുടെയും പെരുമാറ്റശൈലിയിലെ സ്വയം പ്രകാശനത്തിന്റെ ശരീരഭാഷയാണ്. രണ്ടു വ്യക്തികൾ തമ്മിൽ കാണുന്പോൾ, പരസ്പരം ഹസ്തദാനംചെയ്ത് കൈ പിടിച്ചു കുലുക്കി പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്യുന്നു! പാശ്ചാത്യമായ ഒരു സ്വയാവതരണ ശൈലിയുടെ പരന്പരാഗതമായ അനുവർത്തനമാണ് ഈ ഷേക് ഹാൻഡ്!
"ഷേക് ഹാൻഡ്' പല വിധമുണ്ട്. ഷേക് ഹാൻഡ് എന്നാൽ കൈപിടിച്ചു കുലുക്കുക എന്നാണർഥമെങ്കിലും ചിലരുടെ ഷേക് ഹാൻഡിൽ കൈകൾ കുലുങ്ങാറില്ല. തൊട്ടു തൊട്ടില്ല എന്ന മട്ടിൽ വിരലുകൾ തമ്മിലുരസിക്കൊണ്ട് മുഖത്തു നോക്കാതെ, അവസാനിക്കുന്നുണ്ട് ചില ഷേക് ഹാൻഡുകൾ. ചിലർ കൈകൊടുക്കുന്പോൾ, മറ്റെയാളുടെ കൈപത്തിയിൽ മുറുക്കിപ്പിടിച്ച്, പരസ്പരം കണ്ണിലേക്കു സൂക്ഷിച്ചുനോക്കിയാണ് തമ്മിൽ തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും ദൃഢതയും പ്രകടിപ്പിക്കുന്നത്. വിദേശ നേതാക്കന്മാരുടെ ഷേക് ഹാൻഡ് ഇതിലുമധികം കൗതുകം നിറഞ്ഞതാണ്. നമ്മൾ ടെലിവിഷനിലൊക്കെ കണ്ടിട്ടില്ലേ, തമ്മിൽ കാണുന്പോൾ കൈപിടിച്ചു കുലുക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താതെ ഏറെ നേരം കുലുക്കിക്കൊണ്ടേയിരിക്കും.
ഉപചാര വാക്കുകൾ തീരുന്നതുവരെ പരസ്പരം കൈപിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന അവർ പലപ്പോഴും രണ്ടു കൈകളും ഉപയോഗിച്ചും ഷേക് ഹാൻഡ് കൊടുക്കുന്നതു നാം കാണാറുണ്ട്.
പാശ്ചാത്യശൈലിയിലുള്ള കൈകുലുക്കിനേക്കാൾ നമ്മുടെ മലയാള പദപ്രയോഗമാണ് കൂടുതൽ അർഥപൂർണം. നമ്മൾ ഷേക് ഹാൻഡ് എന്നതിന് ഹസ്തദാനം എന്ന വാക്കാണ് ഉപയോഗിക്കുന്നത്. ഹസ്തം - കൈ - ദാനം ചെയ്യുക എന്നത് സുന്ദരമായ സങ്കല്പമാണ്.
പരസ്പരം കണ്ടുമുട്ടുന്പോൾ കൈയിൽ മുറുകെപ്പിടിച്ച് കണ്ണിൽ നോക്കി സംസാരിക്കുന്നവൻ അവരുടെ ആത്മവിശ്വാസവും അപരനെ അഭിമുഖീകരിക്കാനുള്ള ധൈര്യവുമാണ് പ്രകടിപ്പിക്കുന്നത്. ഹസ്തദാനം ചെയ്യുന്പോൾ അപരന്റെ കൈപിടിച്ച് ഞെരിക്കുകയോ, കൈവെള്ളയിൽ മാന്തുകയോ ചെയ്യരുത്. അതിന് വിപരീത അർഥം വന്നേക്കാം.
എന്നാൽ, ഹസ്തദാനം ഒരു വ്യക്തിയുടെ സ്നേഹദാനം തന്നെയാണ്. സ്വന്തം കൈക്കുള്ളിൽ അപരന്റെ കൈ ചേർത്ത്, നിന്റെ വ്യക്തിത്വവും സ്വാതന്ത്ര്യവും എന്റെ പക്കൽ സുരക്ഷിതമായിരിക്കും എന്ന ആത്മവിശ്വാസം പരസ്പരം പകരുന്ന സമയമാണത്. ഹസ്തദാനം ഹൃദയത്തിലേക്കുള്ള ക്ഷണമാണ്. ഭയപ്പെട്ടോ അലസമായോ, മുഖത്തു നോക്കാതെയോ ഉള്ള ഹസ്തദാനം അപരനോടുള്ള താത്പര്യമില്ലായ്മയുടെ ലക്ഷണംതന്നെയാണ്. അപരൻ എപ്പോഴും അപരിചിതൻ ആയിരിക്കണം എന്ന വാശിവേണ്ട.
ഷേക് ഹാൻഡ് നൽകുന്പോൾ, ഒന്നും ഷേക് ചെയ്യപ്പെടുന്നില്ലെങ്കിൽ, വാക്കുകളുടെ ഒഴുക്ക് വേഗം നിലയ്ക്കും. എന്നാൽ, ഷേക് ഹാൻഡിലൂടെ, അപരന്റെ മനസും ഹൃദയവും കുലുക്കിയുണർത്താൻ കഴിഞ്ഞാൽ അത് ഒരുപക്ഷേ, ഒരു പുതുസൗഹൃദത്തിന്റെ തുടക്കമാകാം, ചിലപ്പോൾ ചിരസൗഹൃദത്തിന്റെ തുടർച്ചയുമാകാം.
പരസ്പരം ഉള്ളുപങ്കുവയ്ക്കുന്ന നല്ല സൗഹൃദത്തിന്റെ കുലീനഭാവങ്ങളെ കുലുക്കിയുണർത്തുന്ന ഷേക് ഹാൻഡ് ഔചിത്യമുള്ള ശീലമാക്കി പരിശീലിക്കാം. ഹസ്തദാനത്തിലൂടെ, നല്ല പുഞ്ചിരിയിലൂടെ, മാന്യതയുടെ വിനിമയം സാധ്യതമാക്കാം. അന്തസോടെ പെരുമാറാം. മാന്യരാകാം.
ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഡിസിഎൽ അവാർഡ് ഡേ നാളെ മൂവാറ്റുപുഴനിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ
മൂവാറ്റുപുഴ: ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് അവാർഡ് ഡേ നാളെ രാവിലെ 10.30-ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.ഡിസിഎൽ ട്രസ്റ്റ് മെംബറും കോതമംഗലം രൂപതാ വികാരി ജനറാളുമായ ഫാ. ജോർജ് ഓലിയപ്പുറം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ അവാർഡ് ഡേ ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ, ഫാ. പോൾ ചൂരത്തൊട്ടി, ഫാ. ജിനോ പുന്നമറ്റം, ഫാ. പോൾ മണവാളൻ, വർഗീസ് കൊച്ചുകുന്നേൽ, എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ പി.ജെ. തോമസ്, മേഖലാ ഓർഗനൈസർ സിസ്റ്റർ ആൽഫി നെല്ലിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും.
മികച്ച പൈനാപ്പിൾ വിതരണ അവാർഡ് ജേതാവ് ജോസ് പെരുന്പള്ളിക്കുന്നേലിനെ സമ്മേളനത്തിൽ ആദരിക്കും. ഡിസിഎൽ ഐക്യു സ്കോളർഷിപ്പ് റാങ്ക് ജേതാക്കൾ, ഐക്യു സ്റ്റാർ അവാർഡ് നേടിയ സ്കൂളുകൾ എന്നിവർക്കുള്ള സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്യും. കോഴിക്കോട് പ്രവിശ്യ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സര വിജയികൾക്കുള്ള അവാർഡുകളും സമ്മേളനത്തിൽ വിതരണം ചെയ്യും.
ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 3 മുതൽ
അടൂർ: ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ 3 മുതൽ 5 വരെ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിൽ നടക്കും. ഏപ്രിൽ മൂന്നിന് വൈകുന്നേരം നാലിന് ആരംഭിക്കുന്ന ക്യാന്പ് അഞ്ചിന് ഉച്ചയ്ക്കു സമാപിക്കും. സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് തികഞ്ഞ ആത്മവിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ ബാല മനസുകൾക്ക് കരുത്തു പകരുക, പരസ്പരം അംഗീകരിക്കുവാനും വളർത്തുവാനും കൂട്ടുകാരെ വിജയിപ്പിക്കുവാനും പരിശീലനം നല്കുക, സന്മാർഗ മൂല്യബോധങ്ങളിൽ അധിഷ്ഠിതമായ ജീവിതക്രമം രൂപീകരിക്കുക, എന്നിവയാണ് ക്യാന്പിന്റെ ലക്ഷ്യങ്ങൾ.
ക്യാന്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിസിഎൽ പ്രവിശ്യാ കോ-ഓർഡിനനേറ്റർ സിജു ജോർജിന്റെ (ഫോൺ:9447590221, 8592025165) പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഡിസിഎൽ
01:37 AM Feb 23, 2018 | Deepika.com