മങ്കൊമ്പ്: എസി റോഡില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ മത്സ്യക്കച്ചവടക്കാരന് മരിച്ചു. പുന്നപ്ര കറുകപ്പറമ്പില്‍ ജോസഫിന്റെ മകന് ആന്റണിയാണ് (ബെന്നി-46) മരിച്ചത്. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ പള്ളിക്കു മുന്‍വശം ഇന്നലെ രാവിലെ 10.45 നായിരുന്നു അപകടം. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: മണലാടി പ്രദേശത്ത മീന്വില്പ്പനയ്ക്കു ശേഷം മണലാടി റോഡില്‍നിന്നു ബെന്നി സഞ്ചരിച്ചിരുന്ന ബൈക്ക് എസി റോഡിലേക്കിറങ്ങുന്നതിനിടെയാണ് അപകടം.
ഈ സമയം ചങ്ങനാശേരിയില്‍നിന്നു ആലപ്പുഴ ഭാഗത്തേയക്കു പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് എതിര്‍വശത്തുകൂടി പോകുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബസിനു മുമ്പിലുണ്ടായിരുന്ന കാര്‍ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് പെട്ടന്ന് വെട്ടിച്ചു മാറ്റുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഇടിയെ തുടര്‍ന്ന്് ബൈക്കുമായി മുന്നോട്ടു നീങ്ങിയ ബസ് പള്ളിയുടെ മതിലില്‍ ഇടിച്ചാണ് നിന്നത്. ബസിനും, മതിലിനുമിടയിൽ ഞെരിഞ്ഞമര്‍ന്ന് ബെന്നിക്ക് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹൈവേ പോലീസ് വാഹനത്തില്‍ ഇയാളെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്കാരം ഇന്നു രാവിലെ 9.30 നു പുന്നപ്ര സെന്റ് ജോണ്‍സ് മരിയ വിയാനി പള്ളിയില്‍. ഭാര്യ : സിമി. മക്കള്‍ : മനീറ്റ, മിത്തു.
സൂപ്പര്‍ഫാസ്റ്റ് ബൈക്കിലിടിച്ച് മത്സ്യക്കച്ചവടക്കാരന് മരിച്ചു
01:37 AM Feb 23, 2018 | Deepika.com