തിരുവനന്തപുരം: വാടകക്കാരനെ ഒഴിപ്പിക്കുന്നതു വേഗത്തിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉൾപ്പെടുത്തിയുള്ള കേരള വാടക നിയന്ത്രണ ബില്ലിന്റെ കരടു തയാറായി. ഇതോടൊപ്പം വാടകക്കാരനും പുതിയ ബില്ലിൽ സംരക്ഷണമുണ്ടാകും.
കരാർ കാലാവധിക്കു മുമ്പ് ഒഴിപ്പിക്കണമെങ്കിൽ അതിനുള്ള വ്യവസ്ഥകളും നോട്ടീസ് നൽകേണ്ട സമയപരിധിയും അടക്കമുള്ളവയും ഹൗസിംഗ് വകുപ്പു തയാറാക്കി നിയമവകുപ്പിനു കൈമാറിയ ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വാടകക്കരാറുകളും ഉഭയകക്ഷി സമ്മത പ്രകാരമുള്ള തുകയടക്കം സബ് രജിസ്ട്രാർ ഓഫീസുകൾ വഴി രജിസ്റ്റർ ചെയ്യണമെന്നും കരടിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിൽ എല്ലാ വാടക കരാറുകളും രജിസ്റ്റർ ചെയ്യാറില്ല. മുദ്രപ്പത്രത്തിൽ കരാർ എഴുതുകയാണു ഭൂരിഭാഗം പേരും ചെയ്യുന്നത്.
ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ അധ്യക്ഷനായ നിയമപരി ഷ്കാര കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണു കരടു ബിൽ. 1965ലെ വാടക നിയന്ത്രണ നിയമവും 2014ലെ കേരള കെട്ടിടങ്ങൾ (പാട്ടവും അടിസ്ഥാന വാടകയും) ആ നിയമ വും മൂലനിയമമായി കണക്കാക്കിയാണു പുതിയ നിയമം കൊണ്ടുവരുന്നത്. സംസ്ഥാനത്ത് കേന്ദ്രനിയമം നടപ്പാക്കുന്നത് ഒഴിവാക്കുന്നതിനായാണ് യുഡിഎഫ് സർക്കാർ 2014ൽ ആക്ട് കൊണ്ടുവന്നത്.
താമസത്തിനായും വാണിജ്യ- വ്യാപാര ആവശ്യങ്ങൾക്കായും വാടകകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളെ പ്രത്യേകമായാണു നിർവചിക്കുന്നത്. എന്നാൽ, 2014ലെ ആക്ടിൽ താമസത്തിനും വാണിജ്യ- വ്യാപാര ആവശ്യത്തിനും വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങൾക്ക് ഒരേ വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരുന്നത്.
വാണിജ്യ സ്ഥാപനങ്ങൾക്കായി വാടകയ്ക്ക് എടുക്കുന്ന കെട്ടിടങ്ങളുടെ സംരക്ഷണത്തിന് ഇനി പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തും. വ്യാപാര സ്ഥാപന ഉടമയുടെ മരണത്തോടെ കച്ചവടസ്ഥാപനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ പിന്തുടർച്ചാവകാശം കരാർ കാലാവധിവരെ കുടുംബത്തിനു ലഭിക്കാനും വ്യവസ്ഥ ചെയ്യും. സ്വന്തമായി കെട്ടിടമുണ്ടെങ്കിൽ വ്യാപാരസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു നൽകണമെന്ന നിലവിലെ വ്യവസ്ഥ ഒഴിവാക്കും.
കെട്ടിടമുടമയുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ വാടകക്കാരൻ മറ്റാവശ്യങ്ങൾക്കായി കെട്ടിടം ഉപയോഗിച്ചാൽ ഒഴിഞ്ഞുകൊടുക്കണമെന്ന വ്യവസ്ഥ നിലനിർത്തും. പുതിയ കെട്ടിടങ്ങൾക്കു ടോയ്ലെറ്റ് നിർബന്ധമാക്കും. വാടക വാങ്ങുന്നതിൽനിന്നു കെട്ടിടമുടമ ഒഴിഞ്ഞുമാറുകയോ വാടക സ്വീകരിക്കാതെ ഇരിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ബാങ്ക് അക്കൗണ്ടിലോ മണി ഓർഡർ മുഖേനയോ കരാർ കാലാവധി അവസാനിക്കുന്നതു വരെ വാടക നൽകുന്നതിനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി.
കെ. ഇന്ദ്രജിത്ത്
ഒഴിപ്പിക്കൽ വേഗത്തിലാക്കി വാടകനിയന്ത്രണ നിയമം
02:46 AM Feb 22, 2018 | Deepika.com