തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിനു മണിക്കൂറുകൾ ശേഷിക്കേ കേരള കോണ്ഗ്രസ് എമ്മിനെ ഇടതു മുന്നണിയിൽ എടുക്കരുതെന്നാവശ്യപ്പെട്ട് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ചു.
കെ.എം. മാണിയെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതു സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വത്തിൽ പരോക്ഷമായ കൂടിയാലോചനകൾ നടക്കുന്നതിനിടെയാണ് വി.എസ് പാർട്ടിക്ക് കത്തു നൽകിയിരിക്കുന്നത്. അഴിമതിക്കാരെ ഒരു കാരണവശാലവും മുന്നണിയിൽ എടുക്കരുതെന്നും അക്കൂട്ടരുമായി ഒരു ധാരണയും പാടില്ലെന്നും കത്തിൽ പറയുന്നു. മാണി അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പാർട്ടിയുമായി ഒരു ബന്ധവും പാടില്ലെന്നും പാർട്ടി കേന്ദ്രകമ്മിറ്റി തന്നെ നേരത്തെ നിലപാട് കെക്കൊണ്ടതാണ്. ഇത് താഴെത്തലത്തിൽ റിപ്പോർട്ട് ചെയ്തതുമാണ്.
അങ്ങനെയുള്ള സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചർച്ച പാർട്ടിയിലുണ്ടാകുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും അത്തരത്തിലൊരു നീക്കത്തെ തടയണമെന്നും കത്തിൽ പറയുന്നു. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ കെ.എം. മാണി ബന്ധം ചർച്ചയാകാനിരിക്കേയാണ് വിഎസിന്റെ ഇടപെടൽ.
മാണിക്കെതിരേ വി.എസിന്റെ കത്ത്
02:46 AM Feb 22, 2018 | Deepika.com