കൊച്ചി : കണ്‍സ്യൂമർഫെഡ് എംഡിയായി ഡോ.എം.രാമനുണ്ണി തുടരുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിയമനത്തെ ചോദ്യം ചെയ്ത് വയനാട് ജില്ലാ ഹോൾസെയിൽ കോ - ഓപ്പറേറ്റീവ് കണ്‍സ്യൂമർ സ്റ്റോർ ലിമിറ്റഡ് മാനേജിംഗ് കമ്മിറ്റിയംഗം ഒ.വി.അപ്പച്ചൻ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഈ ആവശ്യം ഉന്നയിച്ച് അപ്പച്ചൻ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളിയിരുന്നു.
ഇതിനെതിരേ നൽകിയ അപ്പീലിലാണ് ഇപ്പോഴത്തെ ഉത്തരവ് . രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് രാമനുണ്ണിയെ നിയമിച്ചത്. കണ്‍സ്യൂമർഫെഡ് എംഡി സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരിക്കണമെന്നിരിക്കെ, തൃശൂർ ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരായിരുന്ന രാമനുണ്ണിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിയിലെ വാദം.
സഹകരണ സംഘം രജിസ്ട്രാറുടെ മുൻകൂർ അനുമതിയോടെ ഡയറക്ടർ ബോർഡിനാണ് എംഡിയെ നിയമിക്കാൻ അധികാരം. എന്നാൽ സർക്കാർ ഇതു ലംഘിച്ച് നേരിട്ട് നിയമനം നടത്തിയെന്നും അച്ചടക്ക നടപടിയുടെ
ഭാഗമായി രാമനുണ്ണി സസ്പെൻഷനിൽ കഴിഞ്ഞിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങൾ കണക്കിലെടുത്താണ് ഡിവിഷൻ ബെഞ്ച് രാമനുണ്ണിയുടെ നിയമനം സ്റ്റേ ചെയ്തത്.
കണ്‍സ്യൂമർ ഫെഡ് എംഡിയായി ഡോ.എം.രാമനുണ്ണി തുടരുന്നത് ഹൈക്കോടതി തടഞ്ഞു
02:24 AM Feb 22, 2018 | Deepika.com