ഉപ്പുതറ: വിറകു കയറ്റിവന്ന പിക്അപ് വാന്‍ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു. മാട്ടുതാവളം തുണ്ടിയില്‍ ബിജു ജോസഫ് (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെ ഒന്പതേക്കര് സൂര്യകാന്തി കവലയ്ക്കുസമീപം തേക്കുംകാനത്താണ് അപകടം.
വിറക് കയറ്റി വരുമ്പോള്‍ അടിമണ്ണിളകിയ ഭാഗത്ത് വാനിന്റെ ഒരുഭാഗത്തെ ടയര്‍ താഴ്ന്നതോടെ ഭാരം താങ്ങാനാകാതെ വാന്‍ ഒരുവശത്തേക്ക് മറിയുകയായിരുന്നു. 20 അടി താഴ്ചയില്‍ മരത്തില്‍ തടഞ്ഞാണ് വാന്‍ നിന്നത്. വിറകിനു മുകളിലിരുന്നു സഞ്ചരിച്ച ബിജു അതിനിടെ തെറിച്ചു വീഴുകയും വിറക് ദേഹത്തുവീഴുകയീയിരുന്നു.
ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ജോര്‍ജ്, സഹപ്രവര്ത്തകന് സിനു എന്നിവര്‍ചേര്‍ന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ ജോര്‍ജും സിനവും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജു ആറുവര്‍ഷമായി ഉപ്പുതറ ടൗണിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: ലീലാമ്മ. മക്കള്‍: അഞ്ജു, അഞ്ചന. മൃതദേഹം ഇന്നുരാവിലെ 11-ന് ഉപ്പുതറയില്‍ പൊതുദര്‍ശനത്തിനുശേഷം വൈകുന്നേരം നാലിന് മാട്ടുതാവളം മരിയഗിരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ സംസ്കരിക്കും.
പിക്അപ് വാന്‍ മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു
01:58 AM Feb 22, 2018 | Deepika.com